സ്വത്ത് തട്ടിയെടുത്ത ശേഷം മാതാപിതാക്കളെ മകന്‍ ഇറക്കി വിട്ടു; പരാതിയില്‍ നടപടി എടുക്കാതെ പോലീസും

തിരുവനന്തപുരം: സ്വത്ത് തട്ടിയെടുത്ത ശേഷം മാതാപിതാക്കളെ മകന്‍ ഇറക്കി വിട്ടതായി പരാതി. നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്ക്കോട്ടുകോണം സ്വദേശിയായ സുജകുമാറിനെതിരെ ആണ് അച്ഛനും അമ്മയും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട മകനെതിരെ പോലീസിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പോലീസ് എടുക്കുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മകന്റെ വീടിന് മുന്നില്‍ മാതാപിതാക്കളും മാതൃസഹോദരിയും കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്.

ചെല്ലപ്പന്‍ എന്ന 70കാരനും ഭാര്യ ഓമന എന്ന 65കാരിയുമാണ് മകന്റെ വീടിന് മുന്നിലെത്തി പ്രതിഷേധിക്കുന്നത്. ഓമനയുടെ സഹോദരിയായ ജെയ്നിയും ഇവര്‍ക്കൊപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കിയ ശേഷം സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം ഇവരെ ഇറക്കി വിടുകയായിരുന്നു. മകന്‍ സുജകുമാറിന് ഒപ്പമായിരുന്നു ഇവരുടെ താമസം. വീട് വാങ്ങാന്‍ കയ്യില്‍ കരുതിയ പണവും ജെയ്നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ കയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു സുജയകുമാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.

ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം ഉണ്ടായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. നാട്ടുകാര്‍ ഇടപെട്ട് മൂവരെയും താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മാതാപിതാക്കളുടെ ആരോപണത്തില്‍ സുജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം പരാതി കിട്ടിയിട്ടില്ലെന്നും മുമ്പ് തന്നെ സ്വമേധയാ ഇവര്‍ സുജകുമാറിന്റെ വീട്ടില്‍ നിന്ന് മാറി താമസിച്ചതാണെന്നുമാണ് മാരാമുട്ടം പൊലീസിന്റെ വിശദീകരണം

follow us: pathram online latest news

pathram:
Related Post
Leave a Comment