ഉത്ര വധക്കേസ്; പാമ്പിനെ എത്തിച്ചതുള്‍പ്പെടെ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു

ഉത്രയെ കൊലപ്പെടുത്താന്‍ പാമ്പിനെ എത്തിച്ചതുള്‍പ്പെടെ 4 വാഹനങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭര്‍ത്താവ് സൂരജ്, പാമ്പിനെ കൈമാറിയ ചാവര്‍കോട് സുരേഷ് എന്നിവര്‍ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ കാര്‍, ബൈക്ക്, സുരേഷിന്റെ അംബാസഡര്‍ കാര്‍, സ്‌കൂട്ടര്‍ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന് ഉത്രയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്താനായി ആദ്യം അണലിയെയാണ് പാമ്പ് പിടിത്തക്കാരന്‍ ചാവര്‍കോട് സുരേഷില്‍ നിന്നും വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വന്തം കാറില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സുരേഷ്, അണലിയെ അടൂര്‍ പറക്കോട്ടെ സുരജിന്റെ വീട്ടിലെത്തിച്ച് കൈമാറിയത്. 10000 രൂപയ്ക്ക് അണലിയെ കൈമാറിയതിന് സുരേഷിന്റെ മൂന്ന് സുഹൃത്തുക്കളും സാക്ഷികളാണ്. അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ സൂരജ് മൂര്‍ഖനെ വാങ്ങി.

സ്‌കൂട്ടറില്‍ ഏനാത്ത് പാലത്തിന് സമീപം എത്തിയാണ് സുരേഷ് മൂര്‍ഖനെ കൈമാറിയത്. പ്ലാസ്റ്റിക് ടിന്നില്‍ അടച്ച മൂര്‍ഖനെ ബാഗിലാക്കിയാണ് ബൈക്കിലെത്തിയ സൂരജ് കൊണ്ടുപോയത്. അവിടെ നിന്നു കാറിലാണ് മൂര്‍ഖനെ ഉത്രയുടെ വീട്ടിലെത്തിയത്. പിടിച്ചെടുത്ത സൂരജിന്റെ മൂന്ന് വാഹനങ്ങളും ഉത്രയുടെ വീട്ടുകാരുടേതാണെന്ന് പൊലീസ് പറയുന്നു. വിവാഹ സമ്മാനമായി നല്‍കിയതാണ് കാര്‍. ഉത്രയുടെ സ്വര്‍ണം വിറ്റ് വാങ്ങിയതാണ് ബൈക്ക്. കേസില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു. സൂരജിന്റെ 2 സുഹൃത്തുക്കളെ ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തു.

follow us: pathram online lateste news

pathram:
Related Post
Leave a Comment