അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയും; ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളില്‍ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,76,146 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,18,124 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

4,13,648 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 36,02,580 പേര്‍ക്ക് രോഗം ഭേദമായി. 20,45,549 രോഗികളുള്ള അമേരിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു യു.കെ സ്‌പെയിനിനെ മറികടന്ന് നാലാമതെത്തി. 289140 രോഗികളാണ് യു.കെയിലുള്ളത്. സ്‌പെയിനില്‍ 289046 രോഗികളുണ്ട്.

അതേസമയം ഇന്ത്യയില്‍ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും അണുബാധയുടെ ഉറവിടം കണ്ടെത്താനായില്ല. രോഗഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താനാകാത്ത, സമൂഹവ്യാപനത്തെ നിര്‍വചിക്കുന്ന സാഹചര്യം ഡല്‍ഹിയില്‍ സംഭവിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. സമൂഹവ്യാപനം പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണ്. പത്തു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ രോഗികള്‍ 50,000 കടക്കുമെന്നും ജയിന്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന വാദമാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡല്‍ഹിയില്‍ ജൂലൈ അവസാനത്തോടെ കോവിഡ് രോഗികള്‍ അഞ്ചര ലക്ഷം കടക്കും. 80,000 കിടക്കകൂടി വേണ്ടിവരും. ഇത് മുന്നില്‍ക്കണ്ടാണ് ചികിത്സ ഡല്‍ഹിക്കാര്‍ക്കുമാത്രമാക്കി പരിമിതപ്പെടുത്തിയത്. ഈ ഉത്തരവ് തിരുത്തിയ നടപടി പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണര്‍ തയ്യാറായില്ലെന്ന് സിസോദിയ പറഞ്ഞു.

Follow us: pathram online

pathram:
Related Post
Leave a Comment