കോഴിക്കോട്: ദുബായില്‍ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിരയെ കാണിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ രാവിലെ 10.50 ഓടെയാണു മൃതദേഹം എത്തിച്ചത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിയിച്ച് ആതിരയും ബന്ധുക്കളും എത്തി. ആതിര വീല്‍ചെയറിലിരുന്നാണ് ഭര്‍ത്താവിനെ അവസാനമായി കാണാനെത്തിയത്. ഇന്ന് രാവിലെയാണ് ആതിരയെ മരണ വിവരം അറിയിച്ചത്. രാവിലെ 8 മണിക്കാണ് കൊച്ചിയില്‍നിന്ന് നിതിന്റെ മൃതദേഹവും വഹിച്ച് ആംബുലന്‍സ് പുറപ്പെട്ടത്. മൂന്നു മിനിറ്റ് കാണിച്ചതിനുശേഷം മൃതദേഹം തിരികെ പേരാമ്പ്രയിലുള്ള നിതിന്റെ ഭവനത്തിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഉച്ചയ്ക്ക് 1 മണിയോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടക്കും.
പ്രസവത്തിന് മുന്നെ എത്തിക്കോളാമെന്നായിരുന്നു കഴിഞ്ഞ മാസം ദുബായില്‍നിന്ന് ആതിരയെ യാത്ര അയക്കുമ്പോള്‍ നിതിന്‍ നല്‍കിയ വാക്ക്. അന്നു തന്നെ വേണമെങ്കില്‍ ആതിരയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും ചെയ്ത് തീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു അവിടെ. തന്നേക്കാള്‍ കൂടുതല്‍ നാട്ടിലേക്ക് വരാന്‍ അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കണം.
ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് താങ്ങാവണം. പക്ഷെ എല്ലാം കഴിയുമ്പോഴേക്കും നിതിന്‍ ഇന്ന് ആതിരയെ കാണാന്‍ എത്തുന്നത് കണ്ട് ഒരു നാടാകെ കേഴുകയാണ്. കുഞ്ഞിക്കണ്ണ് തുറക്കുന്നത് അത്ര സന്തോഷത്തോടെ കാണേണ്ടതായിരുന്നു നിതിന്‍. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ആതിരയെ നെറുകയില്‍ ചേര്‍ത്ത് ചുംബിക്കേണ്ടതായിരുന്നു. പക്ഷെ ഒന്നുമറിയാതെ വെള്ള പുതിച്ച തുണിയില്‍ നിത്യനിദ്രയിലായിരുന്നു നിതിന്‍.
ഇന്ന് രാവിലെ പത്തേമുക്കാലോടെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് ആതിരയെ കാണിക്കാന്‍ ആദ്യം നിതിന്റെ മൃതദേഹം എത്തിച്ചത്. ചൊവ്വാഴ്ച ആതിര മിംസ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ജൂലായ് ആദ്യ വാരമായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നതെങ്കിലും നിതിന് സുഖമില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ആതിര തളര്‍ന്ന് വീണു. തുടര്‍ന്ന് ശാസ്ത്രക്രിയയിലൂടെ ആയിരുന്നു കുഞ്ഞിനെ പറഞ്ഞെടുത്തത്. രാവിലെ വരെ മരണ വിവരം അറിയിക്കാത്തത് കൊണ്ട് തന്നെ കുഞ്ഞിനേയും തന്നേയും ചേര്‍ത്ത് പിടിക്കാന്‍ നിതിന്‍ ഓടിയെത്തുമെന്ന് തന്നെയായിരുന്നു ആ തിര പ്രതീക്ഷിച്ചിരുന്നത്.
അതുകൊണ്ട് തന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പൊട്ടിക്കരയുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍. ഒടുവില്‍ മൃതദേഹം ആശുപത്രിയിലെത്തിക്കുന്നതിന് കുറച്ച് മുമ്പ് ഡോക്ടര്‍മാരുടെ സംഘം ആ സത്യം ആതിരയോട് പറഞ്ഞു. വരാമെന്ന വാക്ക് ഇനി പാലിക്കാനാകാതെ നിതിന്‍ യാത്രയായ വിവരം അറിഞ്ഞ ആതിര വാവിട്ടു കരഞ്ഞു. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ബന്ധുക്കളും അടുത്തുണ്ടായിരുന്നവരും കുഴങ്ങി.
കണ്ടുനിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞു. ഒടുവില്‍ 11 മണിയോടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാന്‍ മാത്രം ആംബുലന്‍സിന് അടുത്തേക്ക് ആതിരയെ എത്തിച്ചു. വേദന താങ്ങാനാതെ ആതിര പ്രിയതമന് വിട നല്‍കി. ഏതാനും മിനിറ്റുകള്‍ക്കകം ആതിരയെ തിരികെ ആശുപത്രി വാര്‍ഡിലേക്ക് കൊണ്ടുപോയി. മൃതദേഹവുമായി ആംബുലന്‍സ് സ്വദേശമായ പേരാമ്പ്രയിലേക്കും. ഉച്ചയ്ക്ക് ശേഷം അവിടെ സംസ്‌കരിക്കും
തിങ്കളാഴ്ചയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദുബായില്‍ നിതിന്‍ മരണപ്പെട്ടത്. കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
Follow us: pathram online
Leave a Comment