എല്ലാ വീടുകളിലും കയറിയിറങ്ങി സര്‍വേ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം; രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ കര്‍ശന നടപടി

ന്യൂഡല്‍ഹി: രാജ്യത്തു കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ വീടുകള്‍ കയറിയിറങ്ങി സര്‍വേ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കൃത്യമായ ടെസ്റ്റിങ് നടത്താനും നിരീക്ഷണ സംവിധാനം കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ജില്ലാ കലക്ടര്‍മാര്‍ക്കും മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു നിര്‍ദേശം നല്‍കിയത്.

മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടാണ് വീടുകള്‍തോറും കയറിയിറങ്ങി സര്‍വേ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശമുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന മുറയ്ക്ക് ജില്ലാതലത്തില്‍ കര്‍ശന പദ്ധതികള്‍ നടപ്പാക്കാനാണു ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മരണനിരക്ക് കുറയ്ക്കാനായി പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയും കണ്ടെത്തി മുന്‍ഗണനാക്രമത്തില്‍ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മുനിസിപ്പല്‍ അധികൃതര്‍ നടപടികള്‍ക്കു നേതൃത്വം നല്‍കണം. ഇന്ത്യയില്‍ കോവിഡ് മരണസംഖ്യ 7200 ആയി. തിങ്കളാഴ്ച 271 പേരാണു മരിച്ചത്. 9983 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,24,981 രോഗികളാണുള്ളത്. 1,24,430 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 5,137 പേര്‍ക്കാണു രോഗം ഭേദമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 48.49 ശതമാനമാണു രോഗമുക്തി നിരക്ക്‌

Follow us: pathram online

pathram:
Leave a Comment