ഉത്രയുടെ 15 പവൻ വിറ്റ് മദ്യപിച്ചു

ഉത്രയുടെ സ്വർണത്തിൽനിന്നു 15 പവൻ സ്വന്തം ആവശ്യങ്ങൾക്കായി വിറ്റെന്നും മദ്യപാനത്തിനും ധൂർത്തിനുമായി ഈ പണം ചെലവിട്ടെന്നും ഭർത്താവ് സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു വിറ്റത്. ജ്വല്ലറിയിൽ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സംഭവം സ്ഥിരീകരിച്ചു.

കേസിൽ പിടിയിലാകുമെന്നു സൂചന ലഭിച്ചപ്പോൾ സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിച്ചിരുന്നു. എന്നാൽ സൂക്ഷിക്കാൻ തയാറാകാതെ പിറ്റേന്നുതന്നെ അവർ തിരികെ ഏൽപ്പിച്ചു. തുടർന്നാണു വീട്ടുപരിസരത്തെ റബർ തോട്ടത്തിൽ കവറുകളിലാക്കി സ്വർണം കുഴിച്ചിട്ടത്. 38.5 പവൻ തോട്ടത്തിൽനിന്നു കണ്ടെടുത്തിരുന്നു.

വിവാഹദിവസം നൽകിയ 96 പവൻ ഉൾപ്പെടെ 100 പവനോളം സ്വർണമാണ് ഉത്രയുടെ വീട്ടുകാർ നൽകിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതിൽ നിന്ന് 21 പവൻ ഉത്രയുടെ വീട്ടുകാർ വാങ്ങി പണയംവച്ചു പണം നൽകിയിരുന്നു. ബാക്കി സ്വർണത്തിൽ 10 പവൻ ബാങ്ക് ലോക്കറിൽനിന്നും 6 പവൻ അതേ ബാങ്കിൽ പണയം വച്ച നിലയിലും കണ്ടെത്തി.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും പണയം വച്ചു. ഉത്രയുടെ സ്വർണാഭരണത്തിൽനിന്നു മാറ്റിയ മൂന്നര പവൻ കഴിഞ്ഞ ദിവസം വീട്ടുകാർ പൊലീസിനു കൈമാറിയിരുന്നു. ഇതോടെ ഉത്രയുടെ സ്വർണം ഏറെക്കുറെ കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

പൂർണമായും സ്വന്തം ആവശ്യത്തിനായാണു സ്വർണം വിറ്റതെന്നാണു സൂരജിന്റെ മൊഴി. അടൂരിലെ ബാറിൽനിന്ന് എല്ലാ ആഴ്ചയിലും രണ്ടായിരത്തോളം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു. 14 ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം നാളെ സൂരജിനെ കോടതിയിൽ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നൽകിയ ചാവർകോട് സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങുന്നതിനു വനംവകുപ്പ് നാളെ കോടതിയെ സമീപിക്കും. പാമ്പിനെ ദുരുപയോഗം ചെയ്തതിന് ഇരുവർക്കും എതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment