കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 190 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഗൈനക്കോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, പഌസ്റ്റിക് സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളില്‍നിന്നായി 107 ഡോക്ടര്‍മാര്‍, 42 നഴ്‌സുമാര്‍, 41 പാരാമെഡിക്കല്‍ സ്റ്റാഫ്, എക്‌സ്‌റേ, ഇ.സി.ജി. സ്‌കാനിങ് വിഭാഗങ്ങളിലെ ടെക്‌നീഷ്യന്മാരടക്കം 190ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്. ഇതില്‍ 120 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. എല്ലാവരും വീടുകളിലും മറ്റുമായി സ്വയം നിരീക്ഷണത്തിലാണ്.

പ്രസവത്തിനായി മേയ് 24ന് പുലര്‍ച്ചെ മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 28കാരിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസവശേഷം രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ രാത്രി എട്ടരവരെ തിയേറ്ററില്‍ ഇവരെ പരിചരിച്ചു. പത്തോളം വകുപ്പുകളില്‍ ചികിത്സ തേടിയതിനാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുമായി സമ്പര്‍ക്കത്തിലായി.

ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരുടെ രണ്ടാം സാംപിള്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കുട്ടിയുടെ പരിശോധനഫലവും ലഭിച്ചിട്ടില്ല.

pathram:
Leave a Comment