നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് കേരളത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത്…? മനേകാ ഗാന്ധിയ്ക്ക് മറുപടിയുമായി യുവാവ്

മലപ്പുറം: കൈതച്ചക്കയില്‍ വച്ച തോട്ട പൊട്ടി പാലക്കാട് ആന ചെരി!ഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരെ ദേശീയ തലത്തില്‍ നടന്ന പ്രചാരണത്തിനെതിരെ ഇന്‍ഫോ ക്ലിനിക് കൂട്ടായ്മയുടെ ഭാഗമായ ഡോ. പി.എസ്. ജിനേഷ്. സമൂഹമാധ്യമത്തിലിട്ട പോസ്റ്റിലൂടെയാണ് ജിനേഷ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ല മലപ്പുറമാണെന്നു നിങ്ങള്‍ പറഞ്ഞത്. കണക്കുകള്‍ പരിശോധിച്ചാല്‍ ആരോപണങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാമെന്നും ജിനേഷ് പറയുന്നു. താന്‍ മുന്നോട്ടു വച്ച വസ്തുതകള്‍ പരിശോധിക്കണമെന്നും എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്നും അദ്ദേഹം പറയുന്നു.

ജിനേഷിന്റെ സമൂഹമാധ്യമ പോസ്റ്റിന്റെ പൂര്‍ണരൂപം

മനേകാ ഗാന്ധിയോട് തന്നെയാണ്,

മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ലയാണെന്നും അവിടെ വന്യജീവികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നും നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് ? കേരളത്തിലാകെ സ്ഥിതിവിശേഷം മോശമാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ പറഞ്ഞത് ? വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോ; എന്നൊരു സംഭവം കേട്ടിട്ടുണ്ടോ ? കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ്. അവര്‍ക്ക് ഒരു വെബ്‌സൈറ്റ് ഉണ്ട്. വൈല്‍ഡ് ലൈഫ് കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്, പലരുടെയും ചിത്രങ്ങള്‍ സഹിതം. സല്‍മാന്‍ഖാന്റെ ചിത്രം പോലും അവിടെയുണ്ട്. വിവിധ കോടതികളിലായി സൃഷ്ടിക്കപ്പെട്ട 154 പേരുടെ വിവരങ്ങള്‍ ആണവിടുള്ളത്.

ഏറ്റവും കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെട്ടത് ഏത് സംസ്ഥാനത്തിലാണ് എന്നറിയുമോ ? ആസാമില്‍ ആണ്, 53 പേര്‍. വെസ്റ്റ് ബംഗാള്‍ 13 പേര്‍, മഹാരാഷ്ട്ര 13 പേര്‍, ഉത്തരാഖണ്ഡ് 7, കര്‍ണാടക 6, ചണ്ഡിഗഡ്/ഹരിയാന/പഞ്ചാബ് – 6, ന്യൂഡല്‍ഹി – 5, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, മിസോറാം ഓരോരുത്തര്‍ വീതം. ഇതുകൂടാതെ 45 മ്യാന്മാര്‍ സ്വദേശികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. (C.C. No: 183/2013, 72/2013, 203/2013, 641/2013, 79/2013, 202/2013 of PS CCS)

കാണ്ടാമൃഗ വേട്ട, മാന്‍വേട്ട മുതല്‍ പാമ്പ്, ഈനാംപേച്ചി, എട്ടുകാലി തുടങ്ങിയ ജീവികളെ കടത്തുന്നത് വരെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട വിവരങ്ങള്‍ മുകളില്‍ കൊടുത്ത കണക്കുകളില്‍ ഉള്ളത്. കേരളവും ഉണ്ട് ലിസ്റ്റില്‍. കാലടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ C.C. No:1587/15 ആം നമ്പര്‍ കേസ്. ഈ കേസില്‍ രണ്ടുപേര്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഇരുവര്‍ക്കും ഒരു വര്‍ഷം തടവും പിഴയും. ശിക്ഷിക്കപ്പെട്ടവരുടെ പേര് കൂടി പറയാം, Syouta Shibaski & Murai Yusuke. ജാപ്പനീസ് പൗരന്മാരാണ്. പാമ്പുകളെയും എട്ടുകാലികളെയും പല്ലികളെയും കടത്താന്‍ ശ്രമിച്ചതാണ് കുറ്റം. ഒരു കേരളീയന്‍ പോലും ഈ ലിസ്റ്റില്‍ ഇല്ല. ഇത് ഞാന്‍ പറയുന്നതല്ല, നാഷണല്‍ വൈല്‍ഡ് ലൈഫ് െ്രെകം കണ്‍ട്രോള്‍ ബ്യൂറോയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ആണ്.

ശിക്ഷിക്കപ്പെട്ട കേസുകള്‍ അവിടെ നില്‍ക്കട്ടെ, റജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ കൂടി നോക്കാം.

2018ല്‍ ഇന്ത്യയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈല്‍ഡ് ലൈഫ് െ്രെകം കേസുകള്‍ 388. പല വന്യജീവികള്‍ക്കെതിരെ ഉണ്ടായ കുറ്റകൃത്യങ്ങളെ തുടര്‍ന്ന് എടുത്ത കേസുകള്‍.

ഏറ്റവും കൂടുതല്‍ ഇരയായത് പുള്ളിപ്പുലികള്‍ 81 കേസുകള്‍, പക്ഷികള്‍ 61, കടുവ 42, ആമ 39, മാന്‍ 36, ആന 27, പാമ്പ് 19, കാണ്ടാമൃഗം 16, കീരി 15, ഈനാംപേച്ചി 14, മറ്റുള്ളവ 38. അങ്ങനെ ആകെ 388 കേസുകള്‍

ഏതൊക്കെ സംസ്ഥാനങ്ങളില്‍ എന്നുകൂടി നോക്കേണ്ടേ ?

വെസ്റ്റ് ബംഗാള്‍ 55 കേസുകള്‍
മഹാരാഷ്ട്ര 50 കേസുകള്‍
ആസാം 42
ഉത്തര്‍പ്രദേശ് 35
തമിഴ്‌നാട് 32
മധ്യപ്രദേശ് 29

2018ല്‍ മാത്രമല്ല മുന്‍ വര്‍ഷങ്ങളിലും കേസുകളില്‍ മുന്‍പില്‍ ഈ സംസ്ഥാനങ്ങള്‍ തന്നെയായിരുന്നു. കേരളത്തില്‍ എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്ന് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.

വേട്ട മൂലം 2018ല്‍ കൊല്ലപ്പെട്ട ആനകളുടെ എണ്ണം 6 (ഒഡീഷയില്‍ രണ്ടെണ്ണം, ഓരോന്ന് ഉത്തരാഖണ്ഡ് തമിഴ്‌നാട് മേഘാലയ ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍)

ആനവേട്ട മൂലം 2017ല്‍ കൊല്ലപ്പെട്ട ആനകളുടെ എണ്ണം 8 (അസമില്‍ നാലെണ്ണം, ജാര്‍ഖണ്ഡ് നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോന്ന്)

ആനവേട്ട മൂലം 2016ല്‍ കൊല്ലപ്പെട്ട ആനകളുടെ എണ്ണം 13 (കര്‍ണാടകയില്‍ നാലെണ്ണം, അസം കേരളം ഒഡിഷ എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതം, തമിഴ്‌നാട് മേഘാലയ വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോന്ന്)

ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് മനേക ഗാന്ധി കേരളത്തെയും മലപ്പുറത്തെയും മോശമാക്കി ചിത്രീകരിച്ചത് ? ഞങ്ങള്‍ക്ക് അറിയാത്ത കണക്കുകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തന്നെ പുറത്തുവിടണം.

ഒരു കാലത്ത് വളരെയധികം ആനവേട്ട നടന്നിരുന്ന സ്ഥലമായിരുന്നു കേരളം. പക്ഷേ ഇപ്പോള്‍ കുറഞ്ഞുവരുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കേരളത്തില്‍ ഒരു വര്‍ഷം 600 ആനകള്‍ മരണപ്പെടുന്നു എന്ന് നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് ? ഇനി കുഴിയാനകളെ ഉദ്ദേശിച്ചാണെങ്കില്‍ ഞാന്‍ തര്‍ക്കത്തിനില്ല. കേരളത്തില്‍ വന്യജീവികള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്നും കൊല്ലപ്പെടുന്നില്ലെന്നും അല്ല പറഞ്ഞു വരുന്നത്. കേരളത്തില്‍ വന്യജീവികള്‍ കൊല്ലപ്പെടുന്നുണ്ട്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് പാമ്പുകള്‍ ആയിരിക്കും. വിഷപ്പാമ്പുകളുടെ കടിയേറ്റ് മരണ സംഭവിക്കുമെന്ന ഭീതി മൂലം കൊല്ലപ്പെടുന്ന പാമ്പുകള്‍. അപകടരഹിതമായി, ശാസ്ത്രീയമായി പാമ്പുകളെ റെസ്‌ക്യൂ ചെയ്യുന്നവരുടെ എണ്ണം കൂടുകയും പാമ്പുകളെക്കുറിച്ച് കൂടുതല്‍ ജനങ്ങള്‍ മനസിലാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇത് കുറയുകയുള്ളൂ. വൈകാതെ മാറ്റം ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം.

കേരളത്തില്‍ വന്യജീവികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ പീഡനം ഏല്‍ക്കുന്നത് ആനകള്‍ക്ക് തന്നെയായിരിക്കും. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിറം പിടിപ്പിക്കാന്‍ വേണ്ടി മാത്രം വനത്തില്‍ ജീവിക്കേണ്ട ഒരു ജീവിയെ പിടിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുന്നവര്‍ ഇവിടെയുമുണ്ട്. വലതു കണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട, ഇടത് കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള, ആറ് പാപ്പന്മാരെയും നാല് സ്ത്രീകളെയും ഒരു വിദ്യാര്‍ഥിയെയും അടക്കം 13 പേരെ ചവിട്ടിക്കൊന്ന ഒരാനയെ പങ്കെടുപ്പിച്ചില്ലെങ്കില്‍ തൃശൂര്‍പൂരം ബഹിഷ്‌കരിക്കും എന്ന് ഭീഷണിപ്പെടുത്തിയവര്‍ ഉള്ള നാടാണിത്. ആരെങ്കിലുമൊക്കെ ആന ചവിട്ടി മരിക്കുമ്പോള്‍ ;അവനിത്തിരി കുറുമ്പ് കൂടുതലായിരുന്നു എന്നുപറയുന്ന ഊളകള്‍ പോലും ഉള്ള നാടാണിത്. മനുഷ്യനുമായി ഇണങ്ങാന്‍ സാധിക്കാത്ത ഒരു ജീവിയെ പീഡിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷത്തിന് വേണ്ടി അപകടങ്ങള്‍ വിളിച്ചു വരുത്താന്‍ മടിയില്ലാത്തവരുള്ള നാടാണിതും. ഈ പീഡനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ആ തിരിച്ചറിവ് ഉണ്ടാകാതിരിക്കില്ല.

കഴിഞ്ഞ ദിവസം സംഭവിച്ച ഗര്‍ഭിണിയായ ആനയുടെ മരണത്തില്‍ വ്യസനമുണ്ട്. അതില്‍ വ്യസനം ഇല്ലാത്ത ഒരു മനുഷ്യനും കാണുമെന്നു തോന്നുന്നില്ല. കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുക തന്നെ വേണം. പക്ഷേ ഈ ഒരു സംഭവം മുന്‍നിര്‍ത്തി, ഒരു ജില്ലയേയും ഒരു സംസ്ഥാനത്തെയും അപമാനിക്കുന്നതും ആക്ഷേപിക്കുന്നതും ഹീനമാണ്. മനേകാ ഗാന്ധി മാപ്പുപറയണം. വാസ്തവവിരുദ്ധമായ നിങ്ങളുടെ പ്രസ്താവന പിന്‍പറ്റി വിഷം വമിപ്പിക്കുന്ന ക്ഷുദ്രജീവികളോട് അതവസാനിപ്പിക്കാന്‍ പറയണം, അല്‍പമെങ്കിലും മനുഷ്യത്വം അവശേഷിച്ചിട്ടുണ്ടെങ്കില്‍…

follow us – pathram online

pathram:
Related Post
Leave a Comment