ട്രംപിന് മുന്നറിയിപ്പുമായി ഗായിക ; ‘നവംബറിൽ വോട്ട് ചെയ്ത് പുറത്താക്കും’;

കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെത്തുടർന്ന് അമേരിക്കയിൽ കടുത്ത പ്രതിഷേധങ്ങൾ സജീവമായിരിക്കെ, പ്രസിഡിന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ട്രംപിന്റെ വംശീയ വിവേചനത്തിന് നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി ലഭിക്കുമെന്ന് ഗായിക തുറന്നടിച്ചു. ട്രംപിനെ നവംബറിൽ വോട്ട് ചെയ്ത് പുറത്താക്കുമെന്നായിരുന്നു ട്വിറ്ററിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ പ്രതിഷേധ ട്വീറ്റ്.

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്ന ട്രംപിനെ കടുത്ത ഭാഷയിൽ ടെയ്‌ലർ സ്വിഫ്റ്റ് വിമർശിച്ചു. ‘ഭരണകാലയളവിൽ വെള്ളക്കാരുടെ മേധാവിത്തവും വംശവെറിയും ആളിക്കത്തിച്ചിട്ട്, ഇപ്പോഴത്തെ അക്രമകാരികളെ ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് ധാർമിക അധീശത്വമുണ്ടെന്ന് നടിക്കുകയാണോ? ‘കൊള്ള തുടങ്ങിയാൽ വെടിവെപ്പും തുടങ്ങും’ എന്നോ? ഈ നവംബറിൽ നിങ്ങളെ വോട്ട് ചെയ്തു പുറത്താക്കും,’ എന്നായിരുന്നു ട്വീറ്റ്.

ജോർജ് ഫ്ലോയ്ഡിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സംസ്ഥാനങ്ങൾക്കു കഴിയുന്നില്ലെങ്കിൽ പട്ടാളത്തെ ഇറക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജ്യത്ത് ആളിക്കത്തുന്ന ജനരോഷം ഒരാഴ്ച പിന്നിട്ടിട്ടും നിയന്ത്രിക്കാനായിട്ടില്ല. പലയിടത്തും അക്രമാസക്തമാണ് പ്രതിഷേധം. 6 സംസ്ഥാനങ്ങളിലും 13 വൻ നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

pathram desk 2:
Leave a Comment