വീട്ടമ്മയുടെ മരണം തലയ്ക്കടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: കൊലയ്ക്ക് പിന്നില്‍?

കോട്ടയം: പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ ആക്രമിച്ച സംഭവത്തില്‍ വീട്ടമ്മയുടെ മരണത്തിനിടയാക്കിയത് തലയ്‌ക്കേറ്റ അടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പാറപ്പാടം ഷീബ മന്‍സിലില്‍ എം. എ. അബ്ദുല്‍ സാലിയുടെ (65) ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് സാലി അപകടനില തരണം ചെയ്തിട്ടില്ല. സാലിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. വ്യക്തിവൈരാഗ്യം, കവര്‍ച്ച, പണമിടപാടു തര്‍ക്കം തുടങ്ങിയവയാണ് കോട്ടയം നഗരത്തെ ഞെട്ടിച്ച സംഭവത്തില്‍ പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തലയ്‌ക്കേറ്റ മാരകമായ അടി മൂലമാണ് ഷീബ മരിച്ചതെന്ന് വ്യക്തമാകുന്നത്. അടിയില്‍ ഷീബയുടെ തലയോട്ടി തകരുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തതായാണ് വിലയിരുത്തല്‍. ശരീരത്തില്‍ പല ഭാഗത്തും മുറിവുണ്ട്. അതില്‍ പലതും സാരമുള്ളതല്ല. മല്‍പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി

പ്രതിയുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വീട്ടിലെ ടീപോയ് എടുത്ത് ഷീബയെ അടിച്ചെന്നാണു സൂചന. പിന്നാലെ സാലിയും ആക്രമിക്കപ്പെട്ടു. ഇരുവരുടെയും കൈകാലുകള്‍ കെട്ടിയ ശേഷം വീട്ടിനുള്ളില്‍ കയറി പരിശോധന നടത്തിയ പ്രതി തിരിച്ചുവന്നു ഗ്യാസ് സിലിണ്ടര്‍ തുറന്നു വച്ചു. പിന്നിലെ വാതിലിലൂടെ ഇറങ്ങി പോര്‍ച്ചില്‍ കിടന്ന കാറില്‍ കയറി കടന്നു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചതിനാല്‍ മാനസികവൈകല്യമോ ക്രിമിനല്‍ പശ്ചാത്തലമോ ലഹരിമരുന്ന് ഉപയോഗമോ ഉള്ള ആള്‍ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

ഷീബയുടെ കൈകളില്‍ വയര്‍ കെട്ടിവച്ചതിന്റെ പാടുകളുണ്ട്. അതേസമയം വൈദ്യുതാഘാതമേറ്റതിന്റെ ലക്ഷണങ്ങളില്ല. കൂടുതല്‍ പരിശോധനയ്ക്ക് കൈകളിലെ തൊലി ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി കൂടിയായ പൊലീസ് സര്‍ജന്‍ ഡോ. രഞ്ജു രവീന്ദ്രനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

സാലിയുടെയും ഷീബയുടെയും ശരീരത്തില്‍ വൈദ്യുതി ബന്ധമുള്ള വയര്‍ കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയത്. ഷീബയുടെ മരണകാരണം വൈദ്യുതാഘാതമേറ്റാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എങ്കിലും ശരീര ഭാഗങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. വയറുകള്‍ വൈദ്യുതിയുമായി കണക്ട് ചെയ്തിരുന്നതിനാലാണ് വൈദ്യുതാഘാതത്തിന്റെ സാധ്യത കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ചത് വീടിനു തീയിട്ട് തെളിവു നശിപ്പിക്കാനാണോ എന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്.

ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ 13 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവും അന്വേഷണപുരോഗതി വിലയിരുത്തി. ഷീബ അണിഞ്ഞ സ്വര്‍ണ വളകള്‍, മോതിരം, മാല, കമ്മല്‍ എന്നിവയും അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും മോഷണം പോയിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെന്ന കാര്യം പൊലീസും സ്ഥിരീകരിച്ചു.

അതിനിടെ, സംഭവശേഷം സ്ഥലത്ത് നിന്ന് പ്രതിയെന്നു സംശയിക്കുന്നയാള്‍ കാറില്‍ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. കൊലപാതകം നടന്ന വീട്ടില്‍ നിന്നു രക്തം പുരണ്ട കയ്യുറകളും കണ്ടെത്തി. കുമരകം, വെച്ചൂര്‍ വഴി കാര്‍ കടന്നുപോയ ദൃശ്യങ്ങള്‍ പലയിടത്തു നിന്നായി ലഭിച്ചെങ്കിലും കാര്‍ കണ്ടെത്താനായിട്ടില്ല.

കവര്‍ച്ച, പണമിടപാടു സംബന്ധിച്ച തര്‍ക്കം, വ്യക്തിവൈരാഗ്യം എന്നിവയാണ് കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്. ഷീബയുടെ ആഭരണങ്ങളും കാറും നഷ്ടപ്പെട്ടതു കവര്‍ച്ചയ്ക്ക് സാധ്യത കൂട്ടുന്നു. സാലിയുടെ പണമിടപാടുകള്‍ സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ക്രൂരമായ കൊലപാതക രീതിയാണ് വ്യക്തിവൈരാഗ്യം സംശയിക്കാന്‍ കാരണം. സാലിയുടെ വീടുമായി അടുത്ത് ഇടപഴകുന്ന ഏതാനും പേരുടെ മൊഴി ചൊവ്വാഴ്ച പൊലീസ് ശേഖരിച്ചു.

ഒരാള്‍ക്കു തനിയെ വീട്ടില്‍ കയറി രണ്ടുപേരെ ആക്രമിക്കാനും കൈകള്‍ പിന്നിലേക്കു കെട്ടിവയ്ക്കാനും സാധിക്കുമോയെന്നു പൊലീസ് സംശയിക്കുന്നു. കയ്യുറ മണത്ത പൊലീസ് നായ ഒരു കിലോമീറ്റര്‍ അകലെ കോട്ടയം റോഡില്‍ അറുപുഴ പാലത്തിനു സമീപത്തെ കടവിനു സമീപം ഓടി നില്‍ക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 4.30നു കോട്ടയം താജ് ജുമാ മസ്ജിദില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഷീബയുടെ കബറടക്കം നടത്തി. മസ്‌കത്തിലുള്ള മകള്‍ ഷാനിയും ഭര്‍ത്താവ് സുധീറും ബന്ധുക്കളുടെ വിഡിയോ കോളിലാണ് കബറടക്കച്ചടങ്ങുകള്‍ കണ്ടത്.

Follow us _ pathram online

pathram:
Leave a Comment