മിയ വിവാഹിതയാകുന്നു ; വരന്‍ അശ്വിന്‍

മലയാളികളുടെ പ്രിയ നായികമാരിലൊരാളായ മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍ എന്നാണ് വാര്‍ത്തകള്‍. കണ്‍സ്ട്രഷന്‍ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറില്‍ വിവാഹം നടക്കുമെന്നുമാണ് സൂചനകള്‍.

വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നതായും ലോക്ഡൗണ്‍ സാഹചര്യത്തിലും തിയതി നീട്ടിക്കൊണ്ടുപോകാന്‍ ഇരുവീട്ടുകാര്‍ക്കും താല്‍പര്യമില്ലായിരുന്നുവെന്നും നടിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം നടിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ സിനിമയില്‍ അരങ്ങേറിയ താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുന്‍നിരനായികാ പദവിയിലേക്ക് ഉയര്‍ന്നു.

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, െ്രെഡവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് രഹസ്യമായി നടത്തിയ വിവാഹനിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കൂടുതല്‍ അറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകര്‍.

Follow us _ pathram online

pathram:
Related Post
Leave a Comment