മലപ്പുറത്ത് കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും ആസ്വദിച്ച് ‘ആചാരവെടി’; വാട്ട്‌സാപ് ഗ്രൂപ്പിലെ എല്ലാവരും കുടുങ്ങും ..അറസ്റ്റിലായവരുടെ കൈയില്‍ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരം

മലപ്പുറം : ‘ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടരുത്.. നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം.. ഗ്രൂപ്പ് അംഗങ്ങളുടെ അടുത്ത പരിചയക്കാരില്‍ താല്‍പര്യമുള്ളവര്‍ക്കു മാത്രമാണ് അംഗത്വം..’ കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്ന വാട്‌സാപ് ഗ്രൂപ് ‘ആചാരവെടി’യുടെ പ്രവര്‍ത്തനം കര്‍ശന നിബന്ധനകളോടെയായിരുന്നെന്നാണ് വ്യക്തമായതെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്‍കിയ ചങ്ങരംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറയ്ക്കല്‍ പറഞ്ഞു.

നിലവില്‍ മൂന്നു പേരെ അറസ്റ്റു ചെയ്‌തെങ്കിലും ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേര്‍ക്കും എതിരെ കേസ് വരും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഗ്രൂപ്പ് അംഗങ്ങളില്‍ പലരും വിദേശത്തുള്ളവരാണ്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തില്‍ത്തന്നെ കടുത്ത കുറ്റമാണ്.

കുട്ടികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുനിസെഫാണ് കേരളത്തില്‍ ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം കണ്ടെത്തിയത്. ഈ വിവരം ഇന്റര്‍പോള്‍ മുഖേന സംസ്ഥാന െ്രെകം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏല്‍പിക്കുകയും സൈബര്‍ഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരാണ് ‘ആചാരവെടി’ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരെ ഒരുമിച്ചു പിടികൂടാനായി സംയുക്ത റെയ്ഡിനായിരുന്നു പദ്ധതി. ഇതിനായി എല്ലാവരുടെയും വീടുകളുള്ള പൊലീസ് സ്‌റ്റേഷന്‍ പരിധി കണ്ടെത്തുകയും റെയ്ഡിന് 15 സ്‌റ്റേഷനുകളിലും നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഡ്മിന്‍ ഉള്‍പ്പെടെ 13 പേര്‍ പിടിയിലായെന്നാണ് സൂചന. രണ്ടുപേര്‍ ഗള്‍ഫിലാണ്.

പിടിയിലായ ചിലരുടെ ഫോണുകളും കണ്ടെടുത്തപ്പോള്‍ ചിലയിടത്ത് ഫോണ്‍ കണ്ടെത്താനായിട്ടില്ല. വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസന്വേഷണവും തുടര്‍ നടപടികളും പുരോഗമിക്കുകയാണ്. ഗുരുവായൂര്‍, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെല്ലാം ഗ്രൂപ്പില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതര ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുള്‍പ്പടെയുള്ളവരുടെ ഫോണുകളില്‍ കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്. കുട്ടികളുടെ ദൃശ്യങ്ങളോടു താല്‍പര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങള്‍ ഇവരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

സാധാരണ നിലയില്‍ ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ ലഭ്യമല്ലാതിരിക്കെ ഇവ ഡാര്‍ക് വെബ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുത്തതാകും എന്നാണ് വിലയിരുത്തല്‍. രാജ്യാന്തര നിയമങ്ങള്‍ പ്രകാരം, കുട്ടികളുടെ നഗ്‌നത അന്വേഷണത്തിന്റെ ഭാഗമായി പോലും കാണുന്നത് കുറ്റമായാണു പരിഗണിക്കുക. അതുകൊണ്ടു തന്നെ ഗ്രൂപ്പില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചവര്‍ മാത്രമല്ല, അതില്‍ അംഗങ്ങളും കുറ്റക്കാരാകും.

വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മൂലം തങ്ങള്‍ സുരക്ഷിതരാണെന്നു ധരിച്ചാണ് ഇവര്‍ അശ്ലീലദൃശ്യങ്ങള്‍ കൈമാറിയിരുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്റര്‍പോളിന്റെ ഇടപെടലില്‍ വാട്‌സാപ്പും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിനും സൈബര്‍ ഡോമിനും ഒപ്പം വാട്‌സാപ്പിന്റെയും സഹകരണമുണ്ടാകുമെന്നാണ് സൂചന. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ വ്യക്തിസ്വകാര്യതയ്ക്ക് ഒരു പ്രസക്തിയുമില്ലെന്ന നിലപാടാണത്.

സാധാരണ നിലയില്‍ ഗ്രൂപ്പ് വിവരങ്ങളും സന്ദേശങ്ങളും വാട്‌സാപ്പില്‍ നിന്ന് ചോര്‍ത്തിയെടുക്കുക സൈബര്‍ഡോമിനും അത്ര എളുപ്പമല്ല എന്നിരിക്കെയാണ് മുഴുവന്‍ പ്രതികളും പൊലീസിന്റെ വലയിലായത്. ചൈല്‍ഡ് പോണ്‍ അടക്കമുള്ള കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ല എന്നതിനു തെളിവാണിതെന്നും അത്തരക്കാരെ എന്തുവില കൊടുത്തും പിടികൂടുമെന്നും പൊലീസ് അധികൃതര്‍ പറയുന്നു.

Follow us _ pathram online

pathram:
Leave a Comment