മന്ത്രവാദിനിയുടെ നിര്‍ദേശപ്രകാരം മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍

ചെന്നൈ: പെട്ടെന്നു പണക്കാരനാകാന്‍ മന്ത്രവാദിനിയുടെ നിര്‍ദേശപ്രകാരം മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണു അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. കര്‍ഷകനായ പനീര്‍സെല്‍വമാണു അറസ്റ്റിലായത്. പനീര്‍സെല്‍വത്തിന്റെ 14 വയസ്സുകാരിയായി മകളെ കഴിഞ്ഞ മാസം 18നാണു വീടിനു സമീപത്തെ യൂകാലിപ്‌സ് തോട്ടത്തില്‍ കഴുത്തില്‍ മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.

ഉടന്‍ പെണ്‍കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ചികില്‍സയ്ക്കിടെ കുട്ടി കൊല്ലപ്പെട്ടു. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നു കുടുംബം ആരോപിച്ചു. എന്നാല്‍, ലൈംഗിക പീഡനം നടന്നിട്ടില്ലെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പിതാവ് പനീര്‍സെല്‍വം അറസ്റ്റിലായത്. അടുത്ത ബന്ധുവായ രവിയെന്നയാളുടെ സഹായത്തോടെയാണു കൊലപാതകം നടത്തിയത്. ഇയാളും അറസ്റ്റിലായി.

രവിക്കു പ്രദേശത്തെ മന്ത്രിവാദിനിയുമായി അടുത്ത ബന്ധമുണ്ട്. മന്ത്രവാദിനിയുടെ വീട്ടില്‍ ഇയാള്‍ ഇടയ്ക്കിടെ പോകാറുണ്ട്. പെട്ടെന്നു പണക്കാരനാകാനും കുടുംബത്തില്‍ ഐശ്വര്യമുണ്ടാകാനും മകളെ ബലി നല്‍കണമെന്നു മന്ത്രിവാദിനി നിര്‍ദേശിക്കുകയായിരുന്നുവെന്നു പനീര്‍സെല്‍വം പൊലീസിനോടു പറഞ്ഞു. ഇതിനെത്തുടര്‍ന്നാണു രവിയുടെ സഹായത്തോടെ മകളെ കൊലപ്പെടുത്തിയത്. മകളെ കഴുത്തു ഞെരിച്ചു മൃതപ്രായയാക്കി യൂക്കാലിപ്‌സ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. മകളെ കണ്ടെത്തിയപ്പോള്‍ സംഭവം അറിയാത്തപോലെ അഭിനയിച്ചു. ഒളിവിയില്‍ പോയ മന്ത്രിവാദിനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Follow us _ pathram online

pathram:
Related Post
Leave a Comment