ഞാന്‍ പോകുന്നു…വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസമന്ത്രി

മലപ്പുറം : ഓണ്‍ലൈനില്‍ ക്ലാസ് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വളാഞ്ചേരി മാങ്കേരിയില്‍ തീക്കൊളുത്തി ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഞാന്‍ പോകുന്നു’ എന്നു മാത്രമാണ് കുറിപ്പിലുള്ളതെന്നു പൊലീസ് പറഞ്ഞു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള്‍, പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യചെയ്ത ദേവിക.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവച്ചിരുന്നു. വീട്ടിലെ ടിവി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കള്‍ പറയുന്നു.

സംഭവത്തില്‍ ഡിഡിഇയോട് റിപ്പോര്‍ട്ടു തേടിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ല. സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുകയാണ്. എല്ലാവര്‍ക്കും സൗകര്യം ഒരുക്കും. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും സംപ്രേഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Follow us _ pathram online

pathram:
Leave a Comment