ഇന്നലെ വിറ്റത് 45 കോടിരൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളിലും ബാറിലും ബീയര്‍ വൈന്‍ പാര്‍ലറുകളിലുമായി വിറ്റത് 45 കോടിരൂപയുടെ മദ്യം. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ട്‌ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യം വിറ്റു. ബവ്‌കോ, ബാര്‍, ബീയര്‍വൈന്‍ പാര്‍ലറുകളിലെ മദ്യവില്‍പനയുടെ വിശദാംശങ്ങള്‍ ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 32 കോടി രൂപയാണ് ബവ്‌കോയുടെ ഒരു ദിവസത്തെ ശരാശരി വില്‍പന. 612 ബാര്‍ ഹോട്ടലുകളില്‍ 576 പേര്‍ മദ്യം വിതരണം ചെയ്യാന്‍ അംഗീകാരം നേടിയിരുന്നു. 360 ബിയര്‍ വൈന്‍ ഷോപ്പുകളില്‍ 291പേര്‍ വില്‍പന നടത്താന്‍ സന്നദ്ധരായി. ബവ്‌കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും 301 ഷോപ്പുകളാണുള്ളത്.

ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബവ്‌കോ അധികൃതര്‍ അതൃപ്തി അറിയിച്ചു. ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിമര്‍ശം ഉണ്ടായത്. മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്‌കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ ടോക്കണ്‍ ലഭിക്കാത്തതാണ് കച്ചവടം കുറച്ചത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ബവ്‌കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉപഭോക്താക്കളുടെ ഇ ടോക്കണ്‍ പരിശോധിക്കാന്‍ ബവ്‌കോ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇ ടോക്കണ്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി മദ്യം നല്‍കുകയാണ്. സോഫ്റ്റുവെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിനു കാരണം. പലര്‍ക്കും 5 മിനിട്ട് വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്. ഒടിപി അയച്ചാലും റജിസ്‌ട്രേഷനില്‍ തടസം നേരിടുന്നു. സന്ദേശം ലഭിക്കാത്തത് മൊബൈല്‍ കമ്പനികളുടെ ഭാഗത്തെ പ്രശ്‌നമാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തിരക്ക് മുന്നില്‍ കണ്ട് പ്രവര്‍ത്തനം നടത്താന്‍ ആപ് നിര്‍മിച്ച കമ്പനിക്ക് കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Follow us on patham online news

pathram:
Leave a Comment