അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് പ്രധാനമന്ത്രി…!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31ന് മാന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാംഘട്ട ലോക്ഡൗണിന്റെ അവസാന ദിവസമായ അന്ന് അഞ്ചാംഘട്ട ലോക്ഡൗണിനെക്കുറിച്ച് വ്യക്തമാക്കും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 70 ശതമാനവും ഉള്ള 11 നഗരങ്ങളില്‍ ജൂണ്‍ 1 മുതലുള്ള അഞ്ചാംഘട്ട ലോക്ഡൗണ്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുംബൈ, ഡല്‍ഹി, ബെംഗളൂരു, പുണെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പുര്‍, സൂററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. രാജ്യത്തെ മൊത്തം 1.51 ലക്ഷം കോവിഡ് കേസുകളിലെ 60 ശതമാനവും മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, പുണെ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ്. ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്ത 30 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പട്ടിക കേന്ദ്രം നേരത്തെ തയാറാക്കിയിരുന്നു.

അഞ്ചാംഘട്ട ലോക്ഡൗണില്‍ നിബന്ധനകളോടെ മതപരമായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചേക്കാം. എന്നാല്‍ ഉത്സവങ്ങള്‍ പോലുള്ള മതപരമായ ചടങ്ങുകള്‍ക്ക് അനുവാദമുണ്ടാകില്ല. ഒത്തുകൂടലിനും നിയന്ത്രണമുണ്ടാകും. മത സ്ഥാപനങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കും. ജൂണ്‍ ഒന്നുമുതല്‍ എല്ലാ മതസ്ഥലങ്ങളും തുറക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയും കത്തു നല്‍കുകയും ചെയ്തിരുന്നു.

നാലാംഘട്ട ലോക്ഡൗണില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിച്ചതിനാല്‍, അഞ്ചാംഘട്ട ലോക്ഡൗണില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള എല്ലാ സോണുകളിലും ജിമ്മുകള്‍ തുറക്കാന്‍ അനുവദിച്ചേക്കാം. അതേസമയം, സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാന്‍ അനുവാദമുണ്ടാകില്ല. മാളുകളും സിനിമാ തിയറ്ററുകളും അടച്ചിടുന്നത് തുടരാനാണ് സാധ്യത. വിവാഹ, ശവസംസ്‌കാര ചടങ്ങുകളില്‍ പരിമിതമായ ആളുകള്‍ക്ക് പങ്കെടുക്കാവുന്നത് തുടരും.

Follow us on pathram online news

pathram:
Leave a Comment