ബെവ് ക്യൂ’ വഴി മദ്യത്തിന് ടോക്കൺ ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങൾ

കാത്തിരിപ്പിനു ശേഷം ബവ് ക്യൂ ആപ്ലിക്കേഷൻ സജ്ജമായെന്ന് റിപ്പോർട്ട്. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷന്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന് ഒടുവിൽ ഗൂഗിളിന്റെ അനുമതിയും ലഭിച്ചു. ആപ്പിന് ഗൂഗിൾ അനുമതി ലഭിച്ചെങ്കിലും രാവിലെ വരെ പ്ലേ സ്റ്റോറിൽ എത്തിയിട്ടില്ല. ആപ്പിന്റെ ശേഷി പരീക്ഷണത്തിനു ശേഷം വ്യാഴാഴ്ച മുതൽ മദ്യം വിൽക്കാനുള്ള തയാറെടുപ്പിലാണു സർക്കാർ.

സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ഇന്നു ലഭ്യമാക്കും. ട്രയൽ ആരംഭിച്ചു. ആപ് ഉപയോഗ രീതി സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വിഡിയോയും തയാറാക്കുന്നുണ്ട്.

സുരക്ഷാ ഏജൻസികൾ നിർദേശിച്ച പോരായ്മകൾ കമ്പനി പരിഹരിച്ചു നൽകിയിരുന്നു. തുടർന്നു മദ്യവിൽപന ആരംഭിക്കാനുള്ള തയാറെടുപ്പുകളെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ആപ്പിനു പുറമേ സാധാരണ ഫോണുകളിൽ നിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് അവർ തിരഞ്ഞെടുത്ത ബാറിലോ ബവ്കോ വിൽപന കേന്ദ്രത്തിലോ ടോക്കണിൽ പറയുന്ന സമയത്തു പോയി മദ്യം വാങ്ങാം.

ഒരു തവണ മദ്യം വാങ്ങിയാൽ 4 ദിവസം കഴിഞ്ഞേ വീണ്ടും ടോക്കൺ ലഭിക്കൂ. പരമാവധി 3 ലീറ്റർ വാങ്ങാം. 30 ലക്ഷം ആളുകൾ ഒരുമിച്ചു ടോക്കൺ എടുത്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു.

പ്ലേ സ്റ്റോർ/ആപ് സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നിവ നൽകി റജിസ്റ്റർ ചെയ്യുക. മദ്യം, ബീയർ/വൈൻ എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുത്താൽ പിൻകോഡ് അനുസരിച്ച് സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാം. എത്തേണ്ട സമയവും ക്വിക് റെസ്പോൺസ് (ക്യുആർ) കോഡും ഫോണിൽ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോൾ ഫോണിലെ ക്യുആർ കോഡ് ജീവനക്കാർ സ്കാൻ ചെയ്യും.

പ്രത്യേക ഫോർമാറ്റിൽ ബവ്കോയുടെ പ്രത്യേക നമ്പറിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്. മദ്യമെങ്കിൽ BL എന്നും വൈൻ എങ്കിൽ BW എന്നും ഉപയോഗിക്കണം VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് തിരികെ എസ്എംഎസ് ആയി ടോക്കൺ ലഭിക്കും. മദ്യശാല, എത്തേണ്ട സമയം തുടങ്ങിയവ ഇതിലുണ്ടാകും. എസ്എംഎസ് ജീവനക്കാരെ കാണിച്ചശേഷം മദ്യം വാങ്ങാം. എസ്എംഎസ് അയയ്ക്കേണ്ട നമ്പർ പ്രഖ്യാപിച്ചിട്ടില്ല.

മദ്യവിതരണം ആരംഭിക്കും മുന്‍പ് ടെസ്റ്റിങ് നടത്തുമെന്ന് ബവ്റിജസ് കോർപറേഷൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. അതിന്റെ ഭാഗമായി‌ട്ടാണോ ഇത്തരത്തിൽ എസ്എംഎസ് വരുന്നതെന്നും വ്യക്തമല്ല. സർക്കാർ സംവിധാനത്തെ മറയാക്കി നടത്തുന്ന തട്ടിപ്പ‌ാണോ ഇതെന്നും ആശങ്ക പരക്കുന്നുണ്ട്. നേരത്തെ ബെവ്ക്യു ആപ്പിന്റെ ടെസ്റ്റിങ് സമയത്തെ സ്ക്രീൻഷോട്ടുകൾ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആപ്പ് ലൈവായെന്ന മട്ടിലായിരുന്നു ഇൗ സ്ക്രീൻ ഷോട്ടുകൾ വച്ചുള്ള പ്രചാരണം. അത്തരത്തിൽ വെറുമൊരു പ്രചാരണം മാത്രമാണോ ഇതെന്നും വ്യക്തമല്ല. സർക്കാരിന്റെയോ ബന്ധപ്പെട്ട വകുപ്പിന്റെയോ ഭാഗത്തു നിന്നും ഉടൻ ഇതു സംബന്ധിച്ച് വിശദീകരണം ഉണ്ടായേക്കും.

pathram desk 2:
Related Post
Leave a Comment