ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി; ഇനി രണ്ട് കടമ്പകള്‍ കൂടി മാത്രം; മദ്യവിതരണം ഈയാഴ്ച തന്നെ ആരംഭിക്കും

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. മദ്യ ഉപഭോക്താക്കാള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍ അറിയിച്ചത്.

ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ മദ്യവിപണനം എന്നുതുടങ്ങുമെന്നതില്‍ ധാരണയാകും.

സാങ്കേതികമായ അനുമതി ലഭിച്ചതോടെ ഇനി രണ്ടു കടമ്പയാണ് ആപ്പിന് നിലവില്‍ വരുന്നതിന് ബാക്കിയുള്ളത്. ഒരേ സമയം നിരവധി ആളുകള്‍ പ്രവേശിക്കുമ്പോള്‍ തകരാറിലാകാതിരിക്കാന്‍ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ. തുടങ്ങിയ നിബന്ധനകളുമുണ്ട്. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.

pathram:
Related Post
Leave a Comment