ഉത്രയെ കൊന്നത് സ്വത്ത് തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്ന്..98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങി, ശമ്പളം കുറവെന്ന പേരില്‍ എല്ലാമസവും 8000 രൂപയും വാങ്ങി..

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നത് ഭാര്യാവീട്ടില്‍ നിന്നു വാങ്ങിയ സ്വത്തെല്ലാം തിരികെ നല്‍കേണ്ടി വരുമെന്ന ഭയത്താലാണ് എന്നതിന് കൂടുതല്‍ തെളിവുകള്‍. ഭര്‍തൃവീട്ടുകാരുടെ പങ്കിനേക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഉത്രയെ കരിമൂര്‍ഖനേക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് സമ്മതിച്ച സൂരജ് ഒടുവില്‍ കൊല ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തി.

98 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാറും സ്ത്രീധനമായി വാങ്ങിയായിരുന്നു അടൂര്‍ സ്വദേശിയായ സൂരജ് അഞ്ചല്‍ സ്വദേശിയായ ഉത്രയെ വിവാഹം കഴിച്ചത്. ഇതിന് ശേഷവും പല ആവശ്യം പറഞ്ഞ് സൂരജ് ഭാര്യാവീട്ടില്‍ നിന്ന് പണം വാങ്ങിയിരുന്നു. സ്വകാര്യ ബാങ്കിലെ പണം ഇടപാടുമായി ബന്ധപ്പെട്ട ജോലിയുണ്ടെങ്കിലും ശമ്പളം കുറവെന്ന പേരിലായിരുന്നു പണം വാങ്ങല്‍. ഒടുവില്‍ എല്ലാ മാസവും എണ്ണായിരം രൂപ വീതം വാങ്ങുന്നതും പതിവാക്കി.

പരമാവധി സ്വത്ത് കൈക്കലാക്കിയതോടെ ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹമോചനം നേടിയാല്‍ വാങ്ങിയ പണമെല്ലാം ഉത്രയുടെ വീട്ടുകാര്‍ക്ക് തിരികെ നല്‍കേണ്ടിവരുമെന്ന് സൂരജ് ഭയപ്പെട്ടു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി ഒഴിവാക്കാം എന്ന തീരുമാനത്തിലേക്കെത്തിയത്.

ചോദ്യം ചെയ്യലിന് ഒടുവില്‍ സൂരജ് തന്നെ ഇക്കാര്യം സമ്മതിച്ചതോടെ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍ പാമ്പിനെ നല്‍കിയ സുരേഷിനെതിരെ കൊലക്കുറ്റം ചുമത്തുന്നതില്‍ അന്തിമതീരുമാനമായില്ല. ഗൂഡാലോചന, സഹായം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാവും ചുമത്തുക.

സാമ്പത്തിക ആവശ്യത്തിന്റ പേരിലുള്ള കൊലയായതിനാല്‍ സൂരജിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. എന്നാല്‍ സൂരജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാവും മറ്റുള്ളവരിലേക്ക് അന്വേഷണമെന്ന് കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment