അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി ഓടും

ന്യൂഡല്‍ഹി: രാജ്യത്തുടനീളം അടുത്ത 10 ദിവസത്തിനുള്ളില്‍ 2600 ശ്രമിക് ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ലോക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക് സ്‌പെഷല്‍ ട്രെയിന്‍ സേവനം ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്.

കഴിഞ്ഞ 23 ദിവസത്തിനിടെ, 2600 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകളാണ് രാജ്യത്ത് സേവനം നടത്തിയത്. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ 36 ലക്ഷത്തോളം അതിഥി തൊഴിലാളികളെ ഇതുവരെ സ്വദേശങ്ങളിലേയ്ക്ക് തിരികെ അയച്ചിട്ടുണ്ട്.

ശ്രമിക് ട്രെയിനുകള്‍ക്കു പുറമെ, 15 ജോഡി സ്‌പെഷല്‍ ട്രെയിനുകളും ഈ മാസം 12 മുതല്‍ റെയില്‍വേ മന്ത്രാലയം തുടക്കമിട്ടിരുന്നു. ഇതിനു പുറമെ, അടുത്തമാസം ഒന്ന് മുതല്‍, 200 ട്രെയിന്‍ സേവനങ്ങള്‍ കൂടി ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

pathram:
Leave a Comment