നാല് കൂട്ടുകാരാണ് മകളുടെ മരണത്തിന് പിന്നില്‍…അഞ്ജനയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

‘അവളൊരിക്കലും അങ്ങനെയൊരു കുട്ടിയല്ല, ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ല, അവളെ കൊണ്ടുപോയി ഇല്ലാതാക്കിയതാണ്…” – കഴിഞ്ഞ ദിവസം ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന കെ. ഹരീഷ്(21) എന്ന യുവതിയുടെ അമ്മയുടെ വാക്കുകളാണിത്. അഞ്ജനയെ കൂട്ടുകാര്‍ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് മിനി നിറകണ്ണുകളോടെ പറഞ്ഞത്. നാലോളം കൂട്ടുകാരാണ് ഇതിനു പിന്നിലെന്നും അവര്‍ പറയുന്നു. അഞ്ജനയെ ഈ മാസം 13 നാണു ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയതായിരുന്നു. താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പൊലീസ് അറിയിച്ചത്.

”കണ്ണൂര്‍ ബ്രണ്ണന്‍ കോളജില്‍ രണ്ടാം വര്‍ഷം പഠിക്കുന്നതിനിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവരുമായി അവള്‍ പരിചയത്തിലാകുന്നത്. ഇവരുടെകൂടെ അഞ്ജന കുറച്ചുനാള്‍ താമസിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിലേക്കു വന്നിരുന്ന മോള്‍ രണ്ടു മാസത്തോളം വരാതായപ്പോള്‍ സംശയമായി. പിന്നീട് അവളെ വീട്ടിലേക്കു വിളിച്ചുവരുത്തി ബലമായി ആശുപത്രിയില്‍ കൊണ്ടുപോയി. പാലക്കാട് ഒരാശുപത്രിയിലാണ് ആദ്യം ചികിത്സിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി. ചികിത്സയ്ക്കു കാര്യമായ ഫലം കാണാത്തതിനാല്‍ അവിടെ നിന്ന് തിരുവനന്തപുരത്ത് ഒരു ഡീഅഡിക്ഷന്‍ സെന്ററിലാക്കി. അവിടെ രണ്ടു മാസത്തോളം അവള്‍ ചികിത്സയിലായിരുന്നു. പണം തികയാത്തതിനാല്‍ ലോണ്‍ ഒക്കെ എടുത്താണ് അവളെ ചികിത്സിച്ചത്.

അവിടുത്തെ ചികിത്സയ്ക്കു ശേഷം അസുഖമൊക്കെ മാറി നല്ല മിടുക്കിയായാണ് അവള്‍ വീട്ടിലേക്കു മടങ്ങിയത്. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞ് കോളജില്‍ എന്തോ പരിപാടിയുണ്ടെന്നു പറഞ്ഞ് രണ്ടു കൂട്ടുകാരികള്‍ അഞ്ജനയെ വിളിച്ചു. അസുഖമൊക്കെ മാറി നന്നായി പഠിക്കാന്‍ തുടങ്ങിയതായിരുന്നു അവള്‍. കുറെ കാലമായില്ലേ കണ്ടിട്ട്, കോളജിലേക്ക് വരണമെന്ന് അവര്‍ നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ പിന്നീട് വീണ്ടും കോളജിലേക്കു പോയത്.”– മിനി പറഞ്ഞു.

എന്നാല്‍ പിന്നീട് അഞ്ജനയുടെ ഫോണ്‍ കോള്‍ മാത്രമാണ് വന്നതെന്ന് അമ്മ പറയുന്നു. ”ഞാന്‍ കോഴിക്കോട് ആണ് ഉള്ളത്, ഇനി അങ്ങോട്ട് വരുന്നില്ല” എന്നാണ് അഞ്ജന പറഞ്ഞതെന്ന് മിനി പറഞ്ഞു. പിന്നീട് വിവരം ഒന്നും കിട്ടാതായതോടെ മകളെ കാണാനില്ലെന്നു പറഞ്ഞ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് വീട്ടിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും കൂടെ ഹാജരായ കൂട്ടുകാരിക്കൊപ്പം പോകാനാണ് താല്‍പര്യമെന്നുമാണ് അഞ്ജന പറഞ്ഞതെന്ന് അമ്മ പറയുന്നു. അഞ്ജനയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ അവളെ സംരക്ഷിക്കുമോയെന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരി ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും പറയുന്നു. അവളെ ബ്രെയിന്‍വാഷ് ചെയ്ത് കൊണ്ടുപോയതാണ്. അവളെ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല എന്നാണ് ആ അമ്മ പറയുന്നത്.

അവളെ കോടതിയില്‍ നിന്ന് ഗോവയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അവള്‍ എന്നെ വിളിച്ചിരുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവള്‍ പറഞ്ഞത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ അവള്‍ക്കു തിരികെ വരാന്‍ പറ്റാത്ത അവസ്ഥയായി.

”നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവള്‍. അവള്‍ടെ അച്ഛന്‍ മരിച്ചതു മുതല്‍ അത്രേം കഷ്ടപ്പെട്ടാണ് ഞാനവളെ വളര്‍ത്തിയത്. പത്തിരുപതു വര്‍ഷം കഷ്ടപ്പെട്ട് വളര്‍ത്തിയിട്ട് അവരിങ്ങനെ കൊണ്ടുപോയപ്പോ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ഇല്ലാതായത്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി ജയിച്ചതാ. പ്ലസ് ടു സയന്‍സില്‍ 93 ശതമാനം മാര്‍ക്കും ഉണ്ടായിരുന്നു. കോളജിലും മിടുക്കിയായിരുന്നു. പഠിച്ച് ഐഎഎസ് എടുക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഡിഗ്രി രണ്ടാം വര്‍ഷം വരെ അവള്‍ക്ക് ഒരു പ്രശ്‌നവും ഇല്ലായിരുന്നു.” – മിനി പറഞ്ഞു.

അഞ്ജനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനിയും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കി.

മരിക്കുന്നതിന് തലേദിവസം അവള്‍ വിളിച്ചു. ”അമ്മേ, കാഞ്ഞങ്ങാടേക്ക് വണ്ടിയുമായി വരണം. ഞാന്‍ അങ്ങോട്ടുവരുന്നുണ്ട്. അമ്മയേയും അനിയത്തിയേയും കാണണം, നിങ്ങളുടെ കൂടെ ജീവിക്കണം. വളരെ സന്തോഷത്തിലായിരുന്നു അവള്‍. അവളൊരിക്കലും ആത്മഹത്യ ചെയ്യില്ല….” – നിറകണ്ണീരോടെ മിനി പറഞ്ഞു

pathram:
Related Post
Leave a Comment