പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും ധനമന്ത്രിയുടെ അഞ്ചു ദിവസങ്ങളിലെ വിശദാംശ വിവരണവും ക്രൂരമായ തമാശയെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പാക്കേജ് തമാശയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദരിദ്രരോട് അനുകമ്പയില്ല. പൊതുമേഖലാ യൂണിറ്റുകളുടെ വില്‍പന ഉള്‍പ്പെടെ, പരിഷ്‌കാരങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന വന്യമായ സാഹസിക യാത്രയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായി അവര്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമന്ത്രിയിലാണ്. ഭരണഘടനയുടെ അവിഭാജ്യ ഘടകമായ ഫെഡറലിസത്തെക്കുറിച്ച് മറന്നുപോയിരിക്കുന്നു. പാര്‍ലമെന്റിന്റെ സഭകളെയോ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയോ യോഗം വിളിക്കുമോ എന്നതിനെക്കുറിച്ച് ഒരു സൂചനയും ഇല്ല.

21 ദിവസത്തിനുള്ളില്‍ വൈറസിനെതിരായ യുദ്ധം അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭ ശുഭാപ്തിവിശ്വാസം തെറ്റായി മാറിയിരിക്കുന്നു. ഒരു വാക്‌സിന്‍ കണ്ടെത്തുന്നതുവരെ വൈറസ് ഇവിടെ തുടരുമെന്നാണ് തോന്നുന്നത്. ലോക്ഡൗണിന് ഒരു എക്‌സിറ്റ് തന്ത്രമില്ല.

സമ്പദ്‌വ്യവസ്ഥ ഗുരുതരമായി തകര്‍ന്നിരിക്കുകയാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. എല്ലാ സാമ്പത്തിക വിദഗ്ധരും വന്‍തോതിലുള്ള സാമ്പത്തിക ഉത്തേജനം ആവശ്യമാണെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 20 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം, ധനമന്ത്രിയുടെ അഞ്ചു ദിവസങ്ങളിലെ വിശദാംശങ്ങള്‍ എന്നിവ രാജ്യത്തെ ക്രൂരമായ തമാശയാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് പുറമെ, അവഗണിക്കപ്പെട്ടവരില്‍ 13 കോടി കുടുംബങ്ങളും ഉള്‍പ്പെടുന്നു. ഇപ്പോഴത്തെ സര്‍ക്കാരിന് പരിഹാരങ്ങളില്ല എന്നത് ആശങ്കാജനകമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരോടും ദുര്‍ബലരോടും സഹാനുഭൂതിയോ അനുകമ്പയോ ഇല്ല എന്നത് ഹൃദയഭേദകമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കേജ്‌രിവാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

pathram:
Leave a Comment