ഓണ്‍ലൈന്‍ മദ്യ വില്‍പന: കമ്പനിയെ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച വന്നതായി ആരോപണം

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ വെര്‍ച്വല്‍ ക്യൂ ആപ് തയാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് അധികൃതര്‍ക്ക് തലവേദനയാകുന്നു. സെക്യൂരിറ്റി, ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പ്ലേ സ്‌റ്റോറില്‍ ആപ് സമര്‍പ്പിക്കുന്നത് വൈകുകയാണ്. സ്റ്റാര്‍ട്ടപ് കമ്പനിയെ തിരഞ്ഞെടുക്കുന്നതില്‍ സാങ്കേതിക സമിതിക്ക് വീഴ്ച വന്നതായി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

ഒഡബ്ല്യുഎഎസ്പി (ഓപ്പണ്‍ വെബ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി പ്രോജക്ട്) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്. ഹാക്ക് ചെയ്യാന്‍ പറ്റുമോ, ഡാറ്റ സുരക്ഷിതമാണോ എന്നതടക്കമുള്ള 10 പ്രധാന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്റ്റാര്‍ട്ടപ് കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോഡ് ടെസ്റ്റിലും വിജയം കണ്ടില്ല. 7 ലക്ഷംപേരാണ് സാധാരണ ദിവസങ്ങളില്‍ ബവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷമെത്തും. ഈ തിരക്ക് അനുസരിച്ചുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ കമ്പനിക്കായിട്ടില്ല. പിഴവുകള്‍ തിരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഐസിടി അക്കാദമി, സ്റ്റാര്‍ട്ടപ് മിഷന്‍, ഐടി മിഷന്‍, ബവ്‌കോ പ്രതിനിധികള്‍ക്ക് പുറമേ ഐടി സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സാങ്കേതിക സമിതി. സ്റ്റാര്‍ട്ടപ് മിഷന്റെ ടെന്‍ഡറില്‍ 29 കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ 10 കമ്പനികള്‍ക്കാണ് ആപ് വികസിപ്പിക്കുന്നതില്‍ പ്രാഥമിക ധാരണയുണ്ടായിരുന്നത്. സാങ്കേതിക വൈദഗ്ധ്യത്തിന് 70 ശതമാനവും ചെലവിന് 30 ശതമാനവും മാര്‍ക്കാണ് നല്‍കിയത്. ആപ് വികസിപ്പിക്കാന്‍ തിരഞ്ഞെ4ടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ട് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അവസാന റൗണ്ടില്‍ ഒപ്പമുണ്ടായിരുന്ന കമ്പനിയേക്കാള്‍ 11 ലക്ഷത്തോളം കുറഞ്ഞ റേറ്റ് ആവശ്യപ്പെട്ടതും ലോഡ് ടെസ്റ്റിങിലെ അനുഭവവും ഗുണകരമായി. ഐടി സെക്രട്ടറിയുടേയും സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒയുടേയും നിര്‍ദേശമനുസരിച്ചാണ് കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാക്കാന്‍ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മദ്യശാലകള്‍ തുറക്കാനുള്ള തയാറെടുപ്പിലായിരുന്നു ബവ്‌കോ.

എന്നാല്‍ ആപ് സജ്ജമാകാത്തതിനാല്‍ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോള്‍ ബവ്‌റോ അധികൃതര്‍ക്കും ധാരണയില്ല. ആപ് പുറത്തുവന്നാല്‍ വലിയ തിരക്ക് ഉണ്ടാകാനിടയുണ്ടെന്നും സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാന്‍ വിവിധ തരത്തിലുള്ള പരിശോധനകള്‍ നടക്കുന്നതിനാലാണ് ആപ് ജനങ്ങളിലെത്താന്‍ വൈകുന്നതെന്നും കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു

pathram:
Leave a Comment