തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കണ്ണൂര്‍– 12, കാസര്‍കോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂര്‍, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. മാര്‍ച്ച് 27നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 39 പേര്‍.
ഇന്നു രോഗം ബാധിച്ച 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും വന്ന ഓരോ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന 17 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വന്നു. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകകയ്ക്ക് രോഗം സ്ഥിരീകരിച്ചു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 732 ആയി. 216 പേര്‍ ചികില്‍സയിലുണ്ട്. 84258 പേര്‍ നിരീക്ഷണത്തിലുണ്ട്. 83649 പേര്‍ വീടുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേര്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 49535 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
പാലക്കാട് 24, കാസര്‍കോട് 21, കോഴിക്കോട് 19 എന്നിങ്ങനെയാണ് കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 28 ഹോട്‌സ്‌പോട്ടുകള്‍. 82299 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നു. വിദേശത്തുനിന്നു വന്നവരില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റീനിലാണ്.
ഇന്ന് വൈറസ്് ബാധിതരില്‍ ഉണ്ടായ വര്‍ധന വളരെയധികം ആശങ്കയുയര്‍ത്തുന്നു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ പരിഭ്രമിച്ച് നിസഹായത പ്രകടിപ്പിക്കില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങവില്‍ ഇളവു വരുത്തിയത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചതിനാല്‍ തിരക്ക് കൂടിയിട്ടുണ്ട്. കുട്ടികളെയും വയോജനങ്ങളെയിമായി പുറത്തിറങ്ങരുത്. റിവേഴ്‌സ് ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത് കുട്ടികളിലും വയോജനങ്ങളിലും രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ്. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ കര്‍ശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കും. ഇതു സംബന്ധിച്ച് മര്‍ഗനിര്‍ദേശങ്ങള്‍ പ്രധാന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്‍കി.
വിദ്യാര്‍ഥകള്‍ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. ഹോം ക്വാറന്റീനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമാക്കും. അധ്യാപകര്‍ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടന്‍ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും.
തെര്‍മല്‍ സ്‌ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആര്‍ തെര്‍മോമീറ്ററുകള്‍ വാങ്ങും. സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യചിട്ടകള്‍ അടങ്ങിയ നിര്‍ദേശങ്ങളും മാസ്‌കും കുട്ടികളുടെ വീടുകളില്‍ എത്തിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍േദശം നല്‍കി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാസ്‌കുകള്‍ എന്‍എസ്എസ് വഴി വിതരണം ചെയ്യും.
തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗത വകുപ്പ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, പൊലീസ് ഇവരുടെ എല്ലാം പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി എസ്എസ്എല്‍സി 1856, എച്ച്എസ്‌സി 8835, വിഎച്ച്എസ്‌സി 219 എന്നിങ്ങനെ 10920 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചു. മാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ചോദ്യപേപ്പര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും.
ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാം പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗള്‍ഫിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്തുന്നതിന് അനുമതി ലഭ്യമായി. മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനും ഉപരിപഠനത്തിനും അവസരം ഒരുങ്ങും. ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴിതാന്‍ ഈ തീയതികളില്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവര്‍ക്ക് ഉപരിപഠനത്തിലുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷക്കൊപ്പം റെഗുലര്‍ പരീക്ഷയ്ക്കുള്ള അവസരം ഒരുക്കും. പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരും ഉള്‍പ്പെടെ 23 മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണിനും ശേഷം സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജൂണ്‍ 1നു തന്നെ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് അതിനുള്ള ക്രമീകരണത്തിനായി പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്ടേഴ്‌സ് ചാനല്‍ പോലെ ടിവി, ഡിടിഎച്ച്, റേഡിയോ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. രാപ്പകല്‍ ജോലി ചെയ്യുന്ന ഒരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് പൊലീസിന്റെ പ്രവര്‍ത്തന ക്രമീകരണത്തില്‍ മാറ്റം വരുത്തിയത്. അതിന്റെ ഭാഗമായി ഭാരംകുറഞ്ഞ ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 2000 ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ഇവ തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
Leave a Comment