കോവിഡ് വ്യപനം തടയാനാവാതെ തമിഴ് നാട് ; രോഗികളുടെ എണ്ണത്തില്‍ രാജ്യത്തു രണ്ടാം സ്ഥാനത്ത്

ചെന്നൈ: കോവിഡ് വ്യപനം തടയാനാവാതെ തമിഴ് നാട്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തു കോവിഡ് 3,382 പേര്‍ക്ക് സ്ഥിരീകരിച്ചതു . ഇതില്‍ 2,520 പേരും ചെന്നൈയില്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് 776 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 567 പേര്‍ ചെന്നൈയില്‍. ഇന്നലെ 7 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 94. ഇന്നലെ മരിച്ച എല്ലാവരും മറ്റു അസുഖങ്ങള്‍ക്കു ചികില്‍സയിലായിരുന്നെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ 400 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ നിലവില്‍ ചികില്‍സയിലുള്ളവര്‍ 7,588.

അതേസമയം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കു തുടര്‍ച്ചയായി രോഗം സ്ഥിരീകരിക്കുന്നതാണു പുതിയ വെല്ലുവിളിയെന്നു മന്ത്രി സി.വിജയഭാസ്‌കര്‍. തമിഴ്‌നാട്ടിലേക്കു വരുന്നവരെ ഒരു രീതിയിലും തടയില്ല. എന്നാല്‍, ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ഇന്നലെ വിദേശത്തു നിന്നെത്തിയ 8 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 79 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര –76, കേരളം, ഡല്‍ഹി, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ ആള്‍ക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്. ഈറോഡ്, തിരുപ്പൂര്‍, ശിവഗംഗ, കോയമ്പത്തൂര്‍ ജില്ലകളില്‍ നിലവില്‍ രോഗികളില്ലെങ്കിലും പുറത്തു നിന്നെത്തുന്നവര്‍ ആശങ്കയുണ്ടാക്കുന്നു.

രോഗികളുടെ എണ്ണത്തില്‍ രാജ്യത്തു രണ്ടാം സ്ഥാനത്താണെങ്കിലും മരണ നിരക്കില്‍ മികച്ച റെക്കോര്‍ഡാണു തമിഴ്‌നാടിനുള്ളത്. ഇന്നലെ 7 പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 94 ആയി. മരണ നിരക്ക്. 0.69%. മരിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ മറ്റു അസുഖങ്ങള്‍ ഉള്ളവര്‍. ഇന്നലെ മരിച്ച ഏഴില്‍ ആറു പേരും പ്രമേഹത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനും ചികിത്സ തേടിയിരുന്നു. മരണ നിരക്ക് കുറയ്ക്കാനായി വിദഗ്ധ ചികില്‍സാ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുപ്രകാരം കോവിഡിനൊപ്പം മറ്റു രോഗങ്ങളുള്ളവര്‍ക്കു ആ രോഗവുമായി ബന്ധപ്പെട്ട വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന സമിതി നേതൃത്വം നല്‍കും.

ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലൊഴികെ കോവിഡ് നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്നു വടക്കന്‍ ജില്ലകളായ ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളില്‍ കൂടി പ്രതിരോധ പ്രവര്‍ത്തനത്തിനു പ്രത്യേക നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. ചെന്നൈ കോര്‍പറേഷനു കീഴിലുള്ള 15 സോണുകളിലും പ്രത്യേക ഓഫിസര്‍മാരെ നിയോഗിച്ചു

pathram:
Related Post
Leave a Comment