കൊറോണ വ്യാപനം പിടിച്ചു നിര്‍ത്താനാവതെ ഇന്ത്യ..24 മണിക്കൂറിനിടെ 6088 പുതിയ രോഗികള്‍, മരണം 3583 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 148 മരണം. ഇതോടെ ആകെ കോവിഡ് മരണം 3,583 ആയി. രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ്. 6,088 പേര്‍ക്കു പുതിയതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1.187 ലക്ഷമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നാലാംഘട്ട ലോക്ഡൗണിലേക്ക് കടന്നിട്ടും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

66,330 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രോഗമുക്തി നേടിയവര്‍ 48,534. ചൊവ്വാഴ്ച 5611 പേര്‍ക്കും ബുധനാഴ്ച 5609 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 70% കേസുകളും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് അയ്യായിരത്തിനടുത്ത് പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 40.2% പേര്‍ രോഗമുക്തി നേടി. ചികില്‍സയിലുള്ള രോഗികളില്‍ 2.9% പേര്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

മഹാരാഷ്ട്രയില്‍ 41,642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 1454 ആയി. തമിഴ്‌നാട്ടില്‍ വൈറസ്ബാധ കണ്ടെത്തിയവരുടെ എണ്ണം പതിനാലായിരത്തോടടുത്തു. ഗുജറാത്തില്‍ 12,910 പേര്‍ക്ക് രോഗം. ഇതില്‍ പതിനായിരത്തിനടുത്ത് കേസുകളും അഹമ്മദാബാദിലാണ്. സംസ്ഥാനത്തു മരണസംഖ്യ 773 ആയി. പുതിയതായി 571 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 11,659. രാജസ്ഥാനില്‍ 212 പേര്‍ക്കും മധ്യപ്രദേശില്‍ 242 പേര്‍ക്കും യുപിയില്‍ 340 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. പഞ്ചാബില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു.

pathram:
Leave a Comment