സംസ്ഥാനത്ത് ശക്തമായ മഴ: വ്യാപക കൃഷിനാശം, തിരുവനന്തപൂരം ജില്ലയില്‍ പ്രളയഭീഷണി

തിരുവനന്തപുരം: ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയഭീഷണി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലും കടകളിലുമടക്കം വെള്ളം കയറി നാശനഷ്ടമുണ്ടായി. കനത്ത കാറ്റില്‍ വ്യാപക കൃഷിനാശവുമുണ്ട്. തേക്കുംമൂട്ടിലും നെടുമങ്ങാട്ടും വീടുകളില്‍ വെള്ളം കയറി.

കിള്ളിയാര്‍ കര കവിഞ്ഞൊഴുകുകയാണ്. ആനാട് പഞ്ചായത്തില്‍ കടകളിലും വീടുകളിലും വെള്ളം കയറി. കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചിറ്റാര്‍ കരകവിഞ്ഞ് ഇരുകരകളിലെയും വീടുകളിലും കടകളിലും വെള്ളം കയറി. നാട്ടുകാരടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. വെള്ളം കയറിയ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ഇതുമൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് ബണ്ട് റോഡ് ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.

കേരളത്തില്‍ ഇന്നും വ്യാപകമായി മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കനത്ത കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തതൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്.

pathram:
Leave a Comment