കൊച്ചി: കോവിഡ്–19 രോഗികളുടെ വിവര വിശകലനത്തില്‍നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇനി കോവിഡ് ഡാറ്റാ ശേഖരണവും വിശകലനവും നടത്തുന്നതിനുള്ള ചുമതല സിഡിറ്റിനായിരിക്കും. സ്പ്രിന്‍ക്ലര്‍ ആപ്പിനെ സിഡിറ്റിന്റെ ആമസോണ്‍ ക്ലൗഡുമായി ബന്ധിപ്പിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി സര്‍ക്കാരിന് കരാര്‍ ഉള്ളത് സമയാ സമയങ്ങളിലെ അപ്ലിക്കേഷന്‍ അപ്‌ഡേഷന് മാത്രമായിരിക്കും. അതുപോലെ സിഡിറ്റിന്റെ ആമസോണ്‍ ക്ലൗഡ് അക്കൗണ്ടിലേക്ക് സ്പ്രിന്‍ക്ലര്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് അനുമതി ഉണ്ടാവില്ല. ഏതെങ്കിലും കാരണവശാല്‍ പ്രവേശനം വേണ്ടി വന്നാല്‍ വ്യക്തിവിവരങ്ങള്‍ മറച്ചു വച്ചായിരിക്കും ഇതിന് അനുവദിക്കുക.
സ്പ്രിന്‍ക്ലറിന്റെ കൈവശം ഉള്ള ഡേറ്റകള്‍ നശിപ്പിക്കുന്നതിന് അവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനു മുമ്പ് രോഗികളുടെ അനുമതിപത്രം വാങ്ങും. പൗരന്മാരുടെ സ്വകാര്യതയ്ക്കാണു സര്‍ക്കാര്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത്. അതു സര്‍ക്കാര്‍ ബഹുമാനിക്കുന്നുണ്ടെന്നും കോടതിയില്‍ അറിയിച്ചു.
കരാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജികളിലെ ആരോപണങ്ങള്‍ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞിട്ടുണ്ട്.
നേരത്തെ സ്പ്രിന്‍ക്ലര്‍ ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ ക്ലൗഡിലേയ്ക്ക് ആക്‌സസ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ആ സാഹചര്യത്തിലാണ് വിവരങ്ങള്‍ അനോണിമൈസ് ചെയ്യണം എന്ന് കോടതി ആവശ്യപ്പെട്ടത്. നിലവില്‍ വിശകലനത്തില്‍ ഇനി സ്പ്രിന്‍ക്ലറിന് ഇടപെടാനാകില്ല.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശത്ത് റജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിക്ക് കൈമാറിയതില്‍ അഴിമതി ആരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കരാറിന്റെ നടപടിക്രമങ്ങളിലുണ്ടായ വീഴ്ചയും ഉയര്‍ത്തിയരുന്നു. ഇതേ തുടര്‍ന്ന് ഇരു പക്ഷത്തിന്റെയും വാദം കേട്ട കോടതി കര്‍ശന ഉപാധികളോടെ കരാറുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് അനുമതി നല്‍കുകയായിരുന്നു. അസാധാരണ സാഹചര്യം എന്ന നിലയിലായിരുന്നു കോടതിയുടെ അനുമതി.
ഈ സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ റദ്ദാക്കി കമ്പനിയുടെ അപ്ലിക്കേഷന്‍ മാത്രം ഉപയോഗിച്ച് രോഗികളുടെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നത് സിഡിറ്റിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Leave a Comment