ലോക്ഡൗണില്‍ അഭയം നല്‍കി; ബാല്യകാല സുഹൃത്ത് മക്കളെയും ഭാര്യയെയും തട്ടിയെടുത്ത് മുങ്ങി; സംഭവം മുവാറ്റുപുഴയില്‍

മൂവാറ്റുപുഴ : ലോക്ഡൗണില്‍ ബാല്യകാല സുഹൃത്തിന് അഭയം നല്‍കിയത് ഇത്രയും വലിയ ചതിയാകുമെന്ന് കുടുംബനാഥന്‍ ഒരിക്കലും കരുതിയിരുന്നില്ല. അഭയം നല്‍കിയ തന്റെ ഭാര്യയെയും മക്കളെയും കൂട്ടുകാരന്‍ തട്ടിയെടുത്തു കടന്നെന്ന പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് ഇദ്ദേഹം. മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ ഭീഷണി.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി സ്വകാര്യ വാഹനത്തില്‍ മൂവാറ്റുപുഴ വരെ എത്തിയെങ്കിലും തുടര്‍ന്ന് വാഹനമൊന്നും കിട്ടാതെ കുടുങ്ങി. മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

ലോക്ഡൗണ്‍ ഇളവു പ്രഖ്യാപിക്കുന്നതു വരെയുള്ള ഒന്നര മാസത്തോളം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ തയാറായില്ല. ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്ത് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇയാള്‍ മൂന്നാറിലേക്കു മടങ്ങി.

ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്തിന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഇയാള്‍ മൂവാറ്റുപുഴയിലെത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നത്രെ. ഭാര്യ തെറ്റുകള്‍ തിരുത്തി വന്നാല്‍ സ്വീകരിക്കാന്‍ തയാറാണെന്നും മക്കളെയെങ്കിലും വിട്ടുകിട്ടണമെന്നും ആണ് ഇപ്പോള്‍ ഭര്‍ത്താവിന്റെ ആവശ്യം. മൂന്നാര്‍ സ്വദേശിയോട് അടുത്ത ദിവസം തന്നെ സ്റ്റേഷനിലെത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്

pathram:
Leave a Comment