ചെന്നൈയില്‍ നിന്നു മലപ്പുറത്തെത്തിയ 12 അംഗ സംഘം കൂട്ടത്തോടെ ടൗണിലിറങ്ങി: കേസ്

മലപ്പുറം : ചെന്നൈയില്‍ നിന്നു സ്വകാര്യ ബസില്‍ മലപ്പുറത്തെത്തിയ 12 അംഗ സംഘം കൂട്ടത്തോടെ ടൗണിലിറങ്ങി. സര്‍ക്കാരിന്റെ അനുമതിയോടെ തിരിച്ചെത്തിയ മലപ്പുറം ജില്ലക്കാരാണു തുടര്‍ യാത്രയ്ക്കുള്ള വാഹനം തേടി 2 മണിക്കൂറോളം മലപ്പുറം ടൗണില്‍ കാത്തുനിന്നത്. ഇവരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കെത്തിക്കാന്‍ ബന്ധുക്കള്‍ വാഹനവുമായി എത്താന്‍ വൈകിയതാണു കാരണം. യാത്രക്കാരെ ആള്‍ത്തിരക്കുള്ള സ്ഥലത്ത് ഇറക്കിവിട്ടു കോവിഡ് വ്യാപന ഭീതി സൃഷ്ടിച്ചതിനു എടവണ്ണ സ്വദേശിയായ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കോവിഡ് അതിതീവ്ര മേഖലയില്‍നിന്നെത്തിയവര്‍ തിരക്കേറിയ ടൗണില്‍ കൂട്ടംകൂടി നിന്നതു ആളുകള്‍ക്കിടെയില്‍ പരിഭ്രാന്തിയുണ്ടാക്കി. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ മലപ്പുറം പൊലീസ് ഇവരെ വാഹനങ്ങളില്‍ അതതു സ്ഥലങ്ങളിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് അയച്ചു. തുടര്‍ന്നു ഫയര്‍ഫോഴ്‌സ് എത്തി ഇവര്‍ നിന്നിരുന്ന സ്ഥലം അണുവിമുക്തമാക്കി. ചെന്നൈയിലെ മണലിയില്‍നിന്നു മലയാളി അസോസിയേഷന്‍ ഏര്‍പ്പാടാക്കിയ ബസിലാണു 12 മലപ്പുറം സ്വദേശികളടക്കം 26 പേര്‍ നാട്ടിലേക്കു പുറപ്പെട്ടത്.

pathram:
Leave a Comment