ജനീവ: കോവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു (ഡബ്ല്യുഎച്ചഎ) മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവും, കൂടാതെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നടപടികളെക്കുറിച്ചും കോവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചു അന്വേഷണം വേണമെന്നു പ്രമേയത്തിൽ പറയുന്നു.
‘കോവിഡ് സമയത്തു ലോകാരോഗ്യസംഘടന ഏകോപിപ്പിച്ച രാജ്യാന്തര ആരോഗ്യ പ്രവർത്തനങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും അവലോകനം ചെയ്യുന്നതിന് അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്നു നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തൽ ആവശ്യമാണ്.’ – പ്രമേയത്തിൽ പറയുന്നു. ഓസ്ട്രേലിയയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തിൽ കോവിഡ് ആദ്യ പൊട്ടിപുറപ്പെട്ടെന്നു കരുതുന്ന ചൈനയെക്കുറിച്ചു വുഹാനെക്കുറിച്ചോ പരാമർശമില്ല. ജപ്പാൻ, യുകെ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ബ്രസീൽ, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ അനുകൂലിച്ച മറ്റു രാജ്യങ്ങൾ.
Leave a Comment