പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് എഴുത്തു പരീക്ഷ നടത്താൻ തീരുമാനം; കാരണം എന്തെന്നോ…?

പൊലീസ് സേനയിലെ എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും എഴുത്തു പരീക്ഷ നടത്താൻ തീരുമാനം. പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകൾ വായിച്ചു പോലും നോക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രകടനം മോശമാണെങ്കിൽ പൊലീസ് ട്രെയിനിംഗ് കോളജിൽ പരിശീലനത്തിനയക്കും.

പൊലീസ് ആസ്ഥാനത്തു നിന്നുള്ള ഉത്തരവുകളും നിർദേശങ്ങളും ചില എസ്പിമാരും ഡിവൈഎസ്പിമാരും വായിച്ചു പോലും നോക്കുന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. കൂടാതെ സേനയിലെ ചില ഉദ്യോഗസ്ഥർ ഉഴപ്പുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഇത്തരക്കാരെ കണ്ടെത്താനാണ് എഴുത്തു പരീക്ഷ നടത്താൻ തീരുമാനിച്ചത്. പോക്‌സോ കേസുകളുടെ അന്വേഷണം, വിചാരണ, കുറ്റപത്രം തയാറാക്കൽ എന്നിവയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്താണ് ചോദ്യാവലി തയാറാക്കിയത്.

ചോദ്യാവലി ഉദ്യോഗസ്ഥർക്ക് വാട്‌സ് ആപ്പിൽ അയച്ചു നൽകും. ഉത്തരങ്ങൾ വാട്‌സ് ആപ്പിലും, വീഡിയോ കോൺഫറൻസിൽ തത്സമയവും നൽകണം. നാളെ വൈകിട്ട് 5.30യ്ക്കാണ് വിഡിയോ കോൺഫറൻസിലൂടെയുള്ള പരീക്ഷകൾ ആരംഭിക്കുന്നത്. ഐജിമാർക്കും റേഞ്ച് ഡിഐജി മാർക്കുമാണ് വിഡിയോ കോൺഫറൻസിലൂടെയുള്ള പരീക്ഷ നടത്തിപ്പിന്റെ ചുമതല. പരീക്ഷയിൽ പ്രകടനം മോശമാണെങ്കിൽ പൊലീസ് ട്രെയിനിംഗ് കോളജിൽ പതിനഞ്ച് ദിവസത്തെ പരിശീലനത്തിനയയ്ക്കും.

Follow us – pathram online latest news

pathram desk 2:
Related Post
Leave a Comment