വഴിയരികില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന് കൊറോണ, തട്ടികൊണ്ടുപോയ ആളും കുടുംബവും അന്വേഷണത്തിന് ംത്തിയ പോലീസും ക്വാറന്റൈനില്‍

ഹൈദരാബാദ്: വഴിയരികില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ 18 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളും കുടുംബവും ക്വാറന്റൈനില്‍. കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആളെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി അമ്മയ്ക്ക് തിരികെ ഏല്‍പ്പിക്കാന്‍ നടപടി തുടങ്ങി. എന്നാല്‍, കുട്ടിയുടെ അമ്മ മദ്യപാനിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. പോലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവരെയാണ് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയെന്നും ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹംകൊണ്ടാണ് തെരുവോരത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു കുട്ടിയെ തട്ടിയെടുത്ത ആള്‍ പോലീസിനോട് പറഞ്ഞത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളും കുടുംബവും, കുട്ടിയുടെ അമ്മ, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരോടൊക്കെ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

pathram:
Leave a Comment