അണുനാശിനി തളിക്കുന്നത് കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യസംഘടന

പൊതുസ്ഥലങ്ങളിലും വീഥികളിലും അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസിനെ അകറ്റില്ലെന്ന് ലോകാരോഗ്യസംഘടന. കൂടാതെ ആരോഗ്യപരമായ ചില അപകടങ്ങള്‍ ഇതു മൂലം മനുഷ്യര്‍ക്കുണ്ടാകുമെന്നും ലോകാരോഗ്യസംഘടന(WHO)മുന്നറിയിപ്പ് നല്‍കി.

തെരുവുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും മറ്റവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അണുനാശിനി തളിച്ചോ പുകച്ചോ കൊറോണവൈറസിനെയോ മറ്റു രോഗാണുക്കളെയോ അകറ്റാമെന്നത് തെറ്റിദ്ധാരണയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

എല്ലാ പ്രതലത്തിലും ഒരേ അളവിലും രീതിയിലും അണുനാശിനി തളിക്കുന്നത് പ്രായോഗികമല്ലെന്നും പലപ്പോഴും രോഗാണുക്കളെ നിഷ്‌ക്രിയമാകാനെടുക്കുന്ന സമയം വരെ അതിന്റെ ഫലം നിലനില്‍ക്കാനുള്ള സാധ്യത കുറവാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. തെരുവുകളും പൊതുവഴികളും രോഗാണുക്കളുടെ സംഭരണശാലകളല്ലെന്നും പൊതുസ്ഥലങ്ങളിലെ അനാവശ്യമായ അണുനാശിനി പ്രയോഗം മനുഷ്യരില്‍ ദോഷഫലങ്ങള്‍ ഉളവാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി.

ശാരീരികമായും മാനസികമായും ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല വൈറസ് ബാധിതനായ വ്യക്തിയുടെ ശരീരസ്രവങ്ങളിലുടെ രോഗം പകരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ലെന്നും ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ പ്രത്യേക കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു. ക്ലോറിനും അതുപോലെയുള്ള രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നി ശരീരഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം ഫലപ്രദമല്ലെന്ന് പഠനം സൂചിപ്പിക്കുന്ന പോലെത്തന്നെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുള്ളിലും ഇത് പ്രയോജനരഹിതമാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. തുണിയോ മറ്റോ ഉപയോഗിച്ച് അണുനാശിനി പുരട്ടുകയാണ് വേണ്ടതെന്നും തളിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും ലോകാരോഗ്യസംഘടന പറയുന്നു.

pathram:
Related Post
Leave a Comment