കഴിഞ്ഞ ഞായറാഴ്ച നടത്തിയത് പോലെ ഈ ഞായറാഴ്ചയും സമ്പൂർണ ലോക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ സഹകരിക്കണം എന്ന് അദ്ദേഹം അഭ്യർഥിച്ചു.
ശനിയാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധി നൽകുന്നതു തുടരണോ എന്ന് ആലോചിക്കും. നാളെ പ്രത്യേകിച്ചു മാറ്റമില്ല. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തുടരും.
ഇന്ന് സംസ്ഥാനത്ത് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെഗറ്റീവ് കേസുകളില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസർകോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 16 ആയതായും തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
പോസിറ്റീവ് ആയവരിൽ ഏഴു പേർ വിദേശത്തുനിന്നു വന്നവരാണ്. തമിഴ്നാട്ടിൽനിന്നു വന്ന നാലു പേർക്കും മുംബൈയിൽനിന്നു വന്ന രണ്ടു പേർക്കും രോഗബാധ ഉണ്ടായി. മൂന്നു പേർക്ക് രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്.
സംസ്ഥാനത്ത് ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 80 പേർ ചികിത്സയിലുണ്ട്. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 122 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട് 17, കാസർകോട് 16 എന്നിങ്ങനെയാണ് ഇന്ന് കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റു ജില്ലകൾ. വൈറസ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ ആശുപ്ത്രിയിൽ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് ഇവിടെയുള്ളത്.
Leave a Comment