കമ്മന സ്വദേശിയുടെ റൂട്ട്മാപ്പ് തയാറായി; മൂന്നു തവണ പൊലീസ് സ്‌റ്റേഷനില്‍ എത്തി

വയനാട്: മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെത്തിയ കമ്മന സ്വദേശിയായ കോവിഡ് രോഗിയുടെ റൂട്ട്മാപ്പ് തയാറായി. രോഗം സ്ഥിരീകരിച്ച് 5 ദിവസത്തിനു ശേഷമാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും റൂട്ട് മാപ്പ് പുറത്തുവിടുന്നത്. ഇയാള്‍ മാനന്തവാടി ഡിവൈഎസ്പി ഓഫിസിലടക്കം മൂന്നു തവണ പൊലീസ് സ്‌റ്റേഷനില്‍ എത്തിയെന്നാണ് റൂട്ട്മാപ്പ് വ്യക്തമാക്കുന്നത്.

മേയ് 9നാണ് ഇരുപതുകാരനായ യുവാവിന് രോഗം സ്ഥിരീകരിച്ചത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നു മാനന്തവാടി ഡിവൈഎസ്പി ഓഫിസിലും 28, മേയ് 2 തീയതികളില്‍ മാനന്തവാടി പൊലീസ് സ്‌റ്റേഷനിലും ഇയാളെ എത്തിച്ചു. ഇതുവഴിയാണ് പൊലീസുകാര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് നിഗമനം.

റൂട്ട്മാപ്പ് തയാറാക്കുന്നതിനുള്ള ചോദ്യം ചെയ്യലിനോട് യുവാവ് ഇത്രയും ദിവസം സഹകരിച്ചിരുന്നില്ല. പിപിഇ കിറ്റ് അണിഞ്ഞ 2 പൊലീസുകാര്‍ പലതവണ ചോദ്യം ചെയ്തിട്ടും സമ്പര്‍ക്കമുണ്ടായ സ്ഥലങ്ങള്‍ രോഗി പൂര്‍ണമായി വെളിപ്പെടുത്തുന്നില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞത്. ഇയാളുടെ ഫോണ്‍ രേഖകളും പോയിരിക്കാവുന്ന സ്ഥലങ്ങളിലെ നിരീക്ഷണക്യാമറ ദൃശ്യങ്ങളും പരിശോധിച്ച ശേഷമേ അന്തിമ സമ്പര്‍ക്ക പട്ടിക പുറത്തുവിടൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

3 പൊലീസുകാര്‍ക്കാണ് ഈ യുവാവില്‍ നിന്നു രോഗം പകര്‍ന്നത്. ഇതില്‍ ഒരു പൊലീസുകാരന്‍ മുതിരേരിയിലെ ഒരു വീട്ടില്‍ പരാതിക്കാരന്റെ മൊഴിയെടുക്കാനും പോയിട്ടുണ്ട്.

pathram:
Related Post
Leave a Comment