നാലാം ഘട്ട ലോക്ഡൗണ്‍ : കേരളത്തില്‍ വരുന്ന ഇളവുകള്‍

ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ഡൗണ്‍ മേയ് 18 മുതല്‍ ആരംഭിക്കുമ്പോള്‍ രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സാധാരണനിലയിലാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് റിപ്പോര്‍ട്ട്. റോഡ്, വ്യോമ പൊതു ഗതാഗതം ഉള്‍പ്പെടെ പരമാവധി എന്തൊക്കെ അനുവദിക്കാമോ അവയെല്ലാം ആദ്യ മേഖലകളില്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മെട്രോ, ലോക്കല്‍ ട്രെയിനുകള്‍, ആഭ്യന്തര വിമാനങ്ങള്‍, റസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇവ ‘സാധ്യമാണെന്ന്’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരമാവധി മേഖലകള്‍ തുറന്നുകൊടുക്കണമെന്ന് കേരളത്തിനൊപ്പം ആന്ധ്ര പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന കേരളത്തിന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്തൊക്കെ ഇളവുകള്‍ വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളില്‍നിന്നു നിര്‍ദേശം തേടിയിരുന്നു. ഇവ കൂടി പരിഗണിച്ചായിരിക്കും ഇതില്‍ തീരുമാനമെടുക്കുക. ഹോട്‌സ്‌പോട്ടുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം അംഗീകരിച്ചേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതുവരെ രാജ്യം കണ്ടതില്‍നിന്നു വ്യത്യസ്തമായ ഒരു ലോക്ഡൗണ്‍ ആയിരിക്കും അടുത്തതെന്നാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി പറഞ്ഞത്. ‘ഹോട്‌സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ പൊതുഗതാഗതത്തിന്റെ ഭാഗമായി ബസുകള്‍ അനുവദിക്കും. എന്നാല്‍ കുറച്ച് ആളുകളെ കൊണ്ടുപോകാനുള്ള അനുമതിയേ ഉണ്ടാകുകയുള്ളൂ. ഇതേ നിലപാടു തന്നെയായിരിക്കും ഓട്ടോയുടെയും ടാക്‌സിയുടെയും കാര്യത്തില്‍. കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രം സര്‍വീസ് നടത്താനാകും ഇവയെ അനുവദിക്കുക’ റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രാ പാസുകള്‍ ഉണ്ടെങ്കില്‍ മാത്രം സംസ്ഥാനാന്തര യാത്ര അനുവദിക്കും. ആഭ്യന്തര വിമാന സര്‍വീസുകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് വിവരം. ട്രെയിന്‍ സര്‍വീസ് ഇപ്പോള്‍ത്തന്നെ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, അത്യാവശ്യ സാധനങ്ങള്‍ മാത്രമല്ല, എല്ലാത്തരത്തിലുള്ള വസ്തുക്കളും വീട്ടിലെത്തിച്ചു നല്‍കുന്നതിനുള്ള അനുമതി നല്‍കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നുണ്ട്.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹോട്‌സ്‌പോട്ടുകളില്‍ ഒരു ഇളവും അനുവദിക്കില്ല. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവു നല്‍കാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുകയാണ്.

pathram:
Related Post
Leave a Comment