രാജധാനി സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപൂരത്ത് എത്തി…7പേര്‍ക്ക് രോഗ ലക്ഷണം.. ആശുപത്രിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ നിന്നു തിരിച്ച കോവിഡ് കാലത്തെ ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് ഇവിടെ ഇറങ്ങിയത്. രോഗലക്ഷണം കണ്ട ഒരാളെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ട്രെയിന്‍ എത്തിയത്.

198 യാത്രക്കാര്‍ കോഴിക്കോടും രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളത്ത് 269 പേരും ഇറങ്ങി. പുലര്‍ച്ചെ 1.40നാണ് എറണാകുളം സൗത്ത് ജംങ്ഷനില്‍ എത്തിയത്. കോഴിക്കോടേക്ക് 216 പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 18 പേര്‍ പിന്നീട് റദ്ദാക്കി. കോഴിക്കോട് ഇറങ്ങിയ ആറു പേര്‍ക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളിലായി ആയിരത്തിലധികം യാത്രക്കാരായിരുന്നു ട്രെയിനില്‍. കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു

സ്റ്റേഷനില്‍ നിന്നു വീടുകളിലേക്കു കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിച്ചു. ഡ്രൈവര്‍ ഹോം ക്വാറന്റീന്‍ സ്വീകരിക്കണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യാനുസരണം കെഎസ്ആര്‍ടിസി സര്‍വീസ് ഉറപ്പാക്കി

കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പോകേണ്ടിവരുമെന്നു സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനുകളില്‍ അകത്തേക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും വെവ്വേറെ വഴികളാണ് ഒരുക്കിയത്. തിരുവനന്തപുരത്തു പ്ലാറ്റ്‌ഫോം നമ്പര്‍ 2, 3 എന്നിവയാണ് സ്‌പെഷല്‍ ട്രെയിനുകള്‍ക്കായി മാറ്റി വച്ചത്. ഒന്നാം പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാരുടെ പരിശോധനയ്ക്കും മറ്റുമായി 5 താല്‍ക്കാലിക കൗണ്ടറുകള്‍ ക്രമീകരിച്ചു.

pathram:
Leave a Comment