കൊച്ചി: ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ഇതര സംസ്ഥാനത്തു നിന്നുള്ള മലയാളികളുമായി ഡൽഹിയിൽ നിന്നു പുറപ്പെട്ട ആദ്യ ട്രെയിൻ പുലർച്ചെ 1.40ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തും. യാത്രക്കാരെ സുരക്ഷിതമായി സ്വീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയാറായതായി കോവിഡ് 19 ഏകോപനത്തിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. 27 ഗർഭിണികളും രണ്ടു കിടപ്പുരോഗികളും ഉൾപ്പടെ ഏകദേശം 260 യാത്രക്കാരാണ് കൊച്ചിയിലിറങ്ങുക.
വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചിട്ടുള്ളതാണ്. റജിസ്റ്റർ ചെയ്യാത്തവർക്ക് റെയിൽവേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടാകും. മറ്റു ജില്ലകളിലേക്കു പോകേണ്ടവർക്ക് കെഎസ്ആർടിസി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനത്തിൽ പോകാൻ തയാറായി 100 പേരാണുള്ളത്. കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ ഐസലേഷൻ വാർഡുകളിലേക്കു മാറ്റും.
യാത്രക്കാരുടെ മുഴുവൻ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പുറത്തേക്കു വിടുക. ഇതിനായി രണ്ടു ഡോക്ടർമാർ വീതം രണ്ടു സ്ഥലങ്ങളിലായി നാലു ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. വരുന്നവർക്ക് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാൻ സൗകര്യമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അങ്ങനെയില്ലാത്തവർക്ക് സർക്കാർ സമ്പർക്ക വിലക്കിൽ കഴിയാനുള്ള സൗകര്യം നൽകും.
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ പോയതിനു ശേഷം ഇത് അണുവിമുക്തമാക്കും. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം: എറണാകുളം -38, കോട്ടയം -25, ഇടുക്കി -6, ആലപ്പുഴ -14, പത്തനംതിട്ട -24, തൃശൂർ -27, പാലക്കാട് -11, മലപ്പുറം -12, പോകേണ്ട ജില്ല വ്യക്തമാകാത്തവർ -110, ലക്ഷദ്വീപിൽ നിന്നു രണ്ടു പേർ.
യാത്രക്കാരെ അതാത് ജില്ലകളിലേക്ക് എത്തിക്കാനായി 10 ബസുകൾ ആണ് തയാറാക്കിയിട്ടുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലലേക്കുള്ള യാത്രക്കാർക്കായാണ് ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉള്ള ജില്ലകളിലേക്കു സർവീസ് നടത്താൻ നാല് അധിക ബസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും കർശന പരിശോധനക്ക് ശേഷം മാത്രമേ സ്റ്റേഷന് പുറത്തേക്കിറങ്ങാൻ അനുവദിക്കൂ.
Leave a Comment