കേരളത്തിലേക്കു പ്രവേശിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍..കേരളത്തിന്റെ പാസ് നിര്‍ബന്ധം

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കേരളത്തിലേക്കു പ്രവേശിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. കേരളത്തിലേക്ക് പോകാന്‍ പാസ് വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചാല്‍ യാത്ര സുഗമമാക്കാന്‍ ആ പാസ് വാങ്ങണം. കേരളത്തിലേക്കു കടക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ പാസ് നിര്‍ബന്ധമായും വേണമെന്ന നേരത്തെയുള്ള നിര്‍ദേശം പുതിയ ഉത്തരവിലില്ല. എന്നാല്‍, കേരളത്തിലേക്കു കടക്കാന്‍ കോവിഡ് ജാഗ്രതാ സൈറ്റില്‍നിന്നു ലഭിക്കുന്ന കേരളത്തിന്റെ പാസ് നിര്‍ബന്ധമാണ്.

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

യാത്രക്കാര്‍ കേരളത്തിലെ ഏതു ജില്ലയിലേക്കാണോ വരുന്നത് ആ ജില്ലയിലെ കലക്ടറുടെ അനുമതി വേണം. കേരളത്തിലേക്കു വരുന്ന ആളുകളുടെ എണ്ണം കോവിഡ് ജാഗ്രതാ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ഐഡി ഇതിനായി ഉപയോഗിക്കാം. നോര്‍ക്ക റജിസ്‌ട്രേഷന്‍ ഐഡി ഇല്ലെങ്കിലും കോവിഡ് ജാഗ്രതാ സൈറ്റുവഴി റജിസ്റ്റര്‍ ചെയ്യാം.

ഗ്രൂപ്പായി കേരളത്തിലേക്കു വരുന്നവരില്‍ ചിലര്‍ക്കു പാസില്ലാത്ത സാഹചര്യവും വ്യത്യസ്ത തീയതികളില്‍ പാസ് ലഭിക്കുന്ന പ്രശ്‌നവും ഒഴിവാക്കാന്‍ റജിസ്‌ട്രേഷന്‍ രീതിയില്‍ മാറ്റം വരുത്തി. പാസിനായി അപേക്ഷിക്കുന്ന ഗ്രൂപ്പിലെ വ്യക്തിക്കു മറ്റുള്ള അംഗങ്ങളുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ താഴെയുള്ള കോളങ്ങളില്‍ രേഖപ്പെടുത്തി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. വിവിധ ജില്ലകളിലുള്ളവരാണ് ഒരു ഗ്രൂപ്പായി വരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അപേക്ഷ സമര്‍പ്പിച്ച ഗ്രൂപ്പ് ലീഡറിന്റെ ജില്ലാ കലക്ടര്‍ക്കു മറ്റു പാസുകളും അനുവദിക്കാം. പാസുകള്‍ അനുവദിച്ച കാര്യം ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

റജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ അധികൃതര്‍ പരിശോധിക്കും. അതിനുശേഷം റജിസ്‌ട്രേഷന് ഉപയോഗിച്ച മൊബൈല്‍ നമ്പരിലേക്കും ഇ മെയിലിലേക്കും ക്യുആര്‍ കോഡ് അയയ്ക്കും.

റജിസ്റ്റര്‍ ചെയ്തവര്‍ക്കു കേരളത്തിലേക്കു വരാന്‍ സ്വന്തം വാഹനവും വാടകയ്‌ക്കെടുത്ത വാഹനവും ഉപയോഗിക്കാം. ഒരുമിച്ചു വരുന്നവര്‍ക്കു റജിസ്‌ട്രേഷന്‍ സമയത്തു രണ്ടു തീയതികളാണ് കിട്ടിയതെങ്കില്‍ കൂടെയുള്ള ആളിന്റെ തീയതിയില്‍ വന്നാലും പ്രശ്‌നമില്ല. പക്ഷേ, വരുന്ന വണ്ടിയുടെ നമ്പര്‍ ഒന്നായിരിക്കണം.

ഇതര സംസ്ഥാവനങ്ങളില്‍നിന്ന് വരുന്നവര്‍ ചെക്‌പോസ്റ്റില്‍ പരിശോധനകള്‍ക്കു വിധേയമാകണം. തിരക്ക് ഒഴിവാക്കാന്‍ നിശ്ചിത ആളുകളെ മാത്രമേ ഒരുദിവസം ജില്ലാ ഭരണകൂടം കടത്തിവിടൂ.

കേരള സര്‍ക്കാരിന്റെ പാസ് ലഭിച്ചശേഷം മാത്രമേ ഇതര സംസ്ഥാനങ്ങളില്‍നിന്ന് യാത്ര ആരംഭിക്കാവൂ. കേരളത്തിന്റെ പാസില്ലാത്തവരെ അതിര്‍ത്തി കടത്തി വിടില്ല. പാസുകള്‍ അതിര്‍ത്തിയിലുള്ള സ്‌ക്വാഡിനെ കാണിക്കണം.

കാറില്‍ നാലുപേരെ മാത്രമേ അനുവദിക്കൂ. എസ്‌യുവിയില്‍ 5 പേര്‍. വാനില്‍ പത്തുപേരെയും ബസില്‍ 25പേരെയും അനുവദിക്കും. സീറ്റിങ് കപാസിറ്റിയുടെ പകുതി ആളുകള്‍ മാത്രമേ വാനിലും ബസിലും ഉണ്ടാകാന്‍ പാടുള്ളൂ. ശാരീരിക അകലം പാലിച്ചിരിക്കണം. മാസ്‌ക് ധരിക്കണം. സാനിറ്റൈസര്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാഹനങ്ങളില്‍ അതിര്‍ത്തിയിലെത്തിയശേഷം അതിര്‍ത്തിയില്‍നിന്നു കേരളത്തിലെ വാഹനത്തില്‍ വീടുകളിലേക്കു പോകാം. യാത്രക്കാരെ കൊണ്ടുപോകാനെത്തുന്ന വാഹനങ്ങളില്‍ െ്രെഡവര്‍ മാത്രമേ ഉണ്ടാകാവൂ. ഇവര്‍ക്ക് ജില്ലാ കലക്ടര്‍ അനുവദിക്കുന്ന പാസ് വേണം. ഇവര്‍ 14 ദിവസത്തെ ക്വാറന്റീനില്‍ പോകണം.

ഇതര സംസ്ഥാനങ്ങളിലേക്കു ബന്ധുക്കളെ വിളിക്കാനായി പോകുന്നവര്‍ക്കു പോകാനും വരാനും പാസുകള്‍ അനുവദിക്കും. പോകേണ്ട സ്ഥലത്തെ ഭരണകൂടത്തിന്റെ അനുവാദത്തിനനുസരിച്ചായിരിക്കും പാസ് നല്‍കുന്നത്. തിരികെ വരുമ്പോള്‍ പരിശോധന നടത്തി ക്വാറന്റീന്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് ആളുകളുമായി വരുന്ന വാടക വാഹനങ്ങള്‍ക്ക് തിരികെ പോകാനുള്ള പാസുകള്‍ അതിര്‍ത്തിയില്‍ നല്‍കണം. റെഡ് സോണുകളില്‍നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ സൗകര്യം ഉണ്ടെന്ന വിവരം ലഭിച്ചില്ലെങ്കില്‍ ജില്ലാ ഭരണകൂടത്തില്‍നിന്ന് അറിയിപ്പു വരുന്നതുവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ അയയ്ക്കണം.

pathram:
Leave a Comment