വാഷിങ്ടന്‍ : ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ മഹാമാരി ഇനി എത്രനാള്‍ കൂടി നമുക്കൊപ്പമുണ്ടാകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യം. അതിന് ഉത്തരം കാണാനുള്ള തീവ്രശ്രമത്തിലാണു ഗവേഷകര്‍. ആഴ്ചകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ വൈറസ് വിട്ടു പോകും എന്ന പ്രതീക്ഷയിലാണു ലോകം കഴിയുന്നത്. എന്നാല്‍ ഏറെക്കാലം വൈറസ് നമുക്കൊപ്പം ഉണ്ടാകുമെന്നു തന്നെയാണ് അടുത്തിടെ പുറത്തുവന്ന രണ്ടു പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശൈത്യകാലത്ത് വൈറസ് വീണ്ടുമെത്തുമെന്നാണ് ഒരു പഠനത്തില്‍ വ്യക്തമാകുന്നത്. വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത് ഒഴിവാക്കാന്‍ 2022 വരെയെങ്കിലും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് ദീര്‍ഘനാള്‍ ഭൂമിയിലുണ്ടാകാനാണു സാധ്യതയെന്നാണ് യുഎസ് സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡീസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിയന്ത്രണ സംവിധാനങ്ങള്‍ തുടരേണ്ടതിന്റെ അനിവാര്യതയാണ് ഇരുപഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക പ്രതിരോധശേഷി (ഹെര്‍ഡ് ഇമ്യൂണിറ്റി) നേടുന്നതും ഒരു പരിധി വരെ വൈറസിനെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ശരീരം നേടുന്ന പ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നതും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ സമൂഹത്തിന്റെ എഴുപതോളം ശതമാനത്തിന് വൈറസിനെതിരെ പ്രതിരോധശേഷി നേടാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ചെറിയ തോതില്‍ പടരുന്ന വൈറസ് ശൈത്യകാലത്തോടെ കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണു പഠനങ്ങളില്‍ പറയുന്നത്. അടുത്ത വര്‍ഷവും വൈറസ് ആക്രമണമുണ്ടായേക്കാമെന്നും സൂചനയുണ്ട്.
Leave a Comment