മൂന്നാംഘട്ട ലോക്ഡൗണ്‍ നീട്ടാന്‍ ആവില്ല; കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം 15 ഇടങ്ങളിലേക്കു നാളെ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസിന് ഇന്ന് ഉച്ചകഴിഞ്ഞ് നാലുമുതല്‍ ബുക്കിങ് ആരംഭിക്കും.

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വിഡിയോ കോണ്‍ഫറന്‍സാണ് ഇത്. മൂന്നാംഘട്ട ലോക്ഡൗണ്‍ മേയ് 17ന് അവസാനിക്കും. ഏപ്രില്‍ 27ന് 4ാമത് വിഡിയോ കോണ്‍ഫറന്‍സ് നടക്കുമ്പോള്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28,380 ആയിരുന്നു. ഇപ്പോള്‍ 62000 കടന്നിരിക്കുന്നു. മരണസംഖ്യ രണ്ടായിരത്തിലധികമായി.

രാജ്യമാകെ ഒരേ സ്വഭാവത്തില്‍ ലോക്ഡൗണ്‍ തുടരാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന് മുന്നിലുള്ള നിര്‍ദേശം. സാമ്പത്തികമേഖലയ്ക്ക് ഉണര്‍വേകും വിധത്തില്‍ ഇളവുകള്‍ വേണമെന്നു ചീഫ് സെക്രട്ടറിമാര്‍ കാബിനറ്റ് സെക്രട്ടറിയെ ഇന്നലെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസ് വൈകാതെ ആരംഭിക്കണമെന്ന നിലപാടിലാണ് വ്യോമയാനമന്ത്രാലയം.

ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു. ഡല്‍ഹില്‍ നിന്ന് തിരുവനന്തപുരമടക്കം 15 ഇടങ്ങളിലേക്കാണ് സര്‍വീസ്. െഎആര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ്. കൗണ്ടറുകളില്‍ ടിക്കറ്റ് വില്‍പ്പനയില്ല. സ്‌റ്റേഷനുകളില്‍ തെര്‍മല്‍സ്‌ക്രീനിങ് നടത്തും. യാത്രക്കാര്‍ക്ക് ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമാണ്.

രാജ്യത്തെ രോഗബാധയുടെ അന്‍പത് ശതമാനമുള്ള ഡല്‍ഹി, പുണെ, മുംബൈ, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജ്, അതിഥി തൊഴിലാളികളുടെയും പ്രവാസികളുടെയും മടക്കം എന്നിവയും പ്രധാനമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയാകും. അതിഥി തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മുഖ്യമന്ത്രിമാര്‍ ഉന്നയിക്കും. കൂടുതല്‍ പരിശോധന കിറ്റുകള്‍, സാമ്പത്തിക സഹായം എന്നിവ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടും.

pathram:
Leave a Comment