ഖത്തർ അനുമതി നൽകിയില്ല; ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കേണ്ട വിമാനം അവസാന നിമിഷം റദ്ദാക്കി; ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 181 യാത്രക്കാർ എയർപോർട്ടിൽ…

കോഴിക്കോട്: അനുമതി ലഭിക്കാത്തതിനെ തുടർന്ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്.

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമാണിത്. പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.

അതേസമയം ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 181 യാത്രക്കാരാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കുറെ സമയമായി കാത്തിരിക്കുന്നത്. ഇവരെ നാട്ടിലേക്ക് കൊണ്ട് വരാൻ കോഴിക്കോട്ട് നിന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നിന് ദോഹയിലേക്ക് തിരിക്കേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ആണ് റദ്ദാക്കിയത്.

ഇന്ന് വൈകിട്ട് ഇന്ത്യൻ സയം വൈകിട്ട് 6.00നാണ് വിമാനം ദോഹയില്‍ നിന്ന് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടത്. പെട്ടന്നാണ് എയര്‍ ഇന്ത്യയ്ക്ക് ദോഹയിലെ ലാന്‍ഡിങ്ങിനുള്ള ഖത്തര്‍ അധികൃതരുടെ അനുമതി
നൽകാതിരുന്നത്.

മുഴുവന്‍ യാത്രക്കാരും രാവിലെ 11.30 (ഇന്ത്യൻ സമയം 2 ) മുതല്‍ ചെക്ക് ഇന്‍ നടപടികള്‍ക്കായി വിമാനത്താവളത്തില്‍ കാത്തിരിപ്പാണ്. അടിയന്തര ചികിത്സ തേടി പോകുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ കൂടാതെ ജോലി നഷ്ടപ്പെട്ടവരും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലുണ്ട്. തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളിലേക്ക് ഉള്ളവര്‍ മാത്രമല്ല കോഴിക്കോട്, കൊച്ചി ജില്ലകളിലേക്കുള്ളവരും യാത്രക്കാരുടെ പട്ടികയിലുണ്ട്.

ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനമാണിത്. കോവിഡ് 19 ദുരിതത്തില്‍പ്പെട്ട പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ആദ്യ ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിലേക്ക് പോയ വിമാനത്തില്‍ 178 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

മേയ് 15 നു ശേഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ഖത്തറില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ വ്യക്തമാക്കിയിരുന്നു. ഗര്‍ഭിണികളും രോഗികളും സന്ദര്‍ശക വീസയിലുള്ളവരും ജോലി നഷ്ടപ്പെട്ടവരും ഒക്കെയായി 44,000 ത്തോളം പേരാണ് മടക്കയാത്രയ്ക്ക് എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

pathram desk 2:
Leave a Comment