ന്യൂഡല്‍ഹി: അവധിക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെ മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അവധിയില്‍ ഉളളവര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് മടങ്ങിപ്പോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കാം.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഇതോടെയാണ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ മടങ്ങിപ്പോകാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിയത്. മടക്കം വൈകിയതോടെ ഇവരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ഉടലെടുത്തിരുന്നു.
ഇതിനിടയിലാണ് ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രത്തെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരിക്കുകയാണ്. ഇവരെ മടക്കിക്കൊണ്ടുപോകുന്നതിന് അതാത് രാജ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
ഇവരുടെ മടക്കം പ്രവാസികളെ കൊണ്ടുവരാന്‍ പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തിലായിരിക്കില്ല, ഗള്‍ഫ് വിമാനങ്ങളിലായിക്കും ഇവരെ മടക്കിക്കൊണ്ടുപോവുക എന്നതാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മടങ്ങാനാഗ്രഹിക്കുന്നവര്‍ അവര്‍ ജോലി ചെയ്യുന്ന ആശുപത്രികളുമായി ബന്ധപ്പെടണം. തുടര്‍ന്ന് ആ ആശുപത്രികള്‍ കേന്ദ്രത്തെ ബന്ധപ്പെടും. അതാത് രാജ്യങ്ങളായിരിക്കും ഇവരെ മടക്കിക്കൊണ്ടുപോകുന്നിതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക.
ഇന്ത്യയില്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. 900 ത്തിലധികം ആളുകളാണ് സൗദിയിലേക്ക് മടങ്ങാനുള്ളത്. ബഹ്‌റിനിലേക്ക് പുതിയ 100 റിക്രൂട്ട്‌മെന്റുകളുണ്ട്. കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കും നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് മടങ്ങാനിരിക്കുന്നത്.
Leave a Comment