ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് കൊറോണ ഹാക്കര്‍

ന്യൂഡല്‍ഹി : കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വീണ്ടും. പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് സുഖമില്ലെന്ന് ട്വീറ്റില്‍ അവകാശപ്പെട്ട റോബര്‍ട്ട് സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ അസുഖ ബാധിതരാണെന്നും പറഞ്ഞു. പാര്‍ലമെന്റിലെ ഒരാളും ആഭ്യന്തര വകുപ്പിലെ ഓഫിസിലെ 3 പേരും അസുഖ ബാധിതരെന്നും റോബര്‍ട്ട് തന്റെ ട്വീറ്റില്‍ കുറിച്ചു.

സുരക്ഷയിലെ ആശങ്ക സംബന്ധിച്ച് രാഹുല്‍ഗാന്ധി പറഞ്ഞത് ശരിയാണെന്ന് കൂടി ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ എലിയറ്റ് ആല്‍ഡര്‍സണ്‍ എന്ന പേരില്‍ അറിയിപ്പെടുന്ന വൈറ്റ് ഹാറ്റ് ഹാക്കറായ റോബര്‍ട്ട് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് പുറത്തു വന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍ തന്നെ സമീപിച്ചെന്നും റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വ്യക്തമാക്കി.

എന്നാല്‍ രോഗബാധിതരുടെ വിവരങ്ങള്‍ സുരക്ഷിതമെന്ന് ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനം. ആരോഗ്യസേതു ആപ്പില്‍ സുരക്ഷാവീഴ്ചയുണ്ടെന്നു ഫ്രഞ്ച് ഹാക്കര്‍ പറഞ്ഞതിനു പിന്നാലെയാണ് വിശദീകരണം. വ്യക്തികളുള്ള സ്ഥലം നിര്‍ബന്ധപൂര്‍വം നിരീക്ഷിക്കുന്നില്ല. ആപ്പ് സ്ഥിരമാക്കില്ല, കോവിഡ് പ്രതിസന്ധി നേരിടാന്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

pathram:
Leave a Comment