ന്യൂഡല്‍ഹി: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ പരിഗണനയില്‍. നാളെ മുതല്‍ വിദേശത്ത് നിന്നും പ്രവാസികള്‍ വരാനിരിക്കുന്നതിനിടയില്‍ലാണ് 14 ദിവസം ക്വാറന്റീന്‍ നല്‍കുന്നതിനെകുറിച്ച് ആലോചിക്കുന്നത്. വിദേശത്തു നിന്നും എത്തുന്നവര്‍ രണ്ടാഴ്ച സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറേണ്ടി വന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധിയെന്ന കേന്ദ്രനിര്‍ദേശം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് നീക്കം.
വൈകിട്ട് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കാം. കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ ഏഴു ദിവസമെങ്കിലും നിര്‍ബ്ബന്ധമായും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയേണ്ടി വരുമെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം വിശദമായ നടപടിക്രമം പുറത്തിറക്കിയത്.
പ്രവാസികളെ കോവിഡ് പരിശോധനയ്ക്ക് ശേഷമേ അയയ്ക്കാവൂ എന്നായിരുന്നു മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഏഴു ദിവസം ക്വാറെന്റെന്‍ നിര്‍ബന്ധമാക്കുന്നത്. ഏഴാം ദിവസം പി.സി.ആര്‍. ടെസ്റ്റ് ഫലം നെഗറ്റീവായാലേ വീട്ടിലേക്കു വിടൂ. അവിടെയും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ചെലവില്‍ കുറഞ്ഞത് 14 ദിവസം ക്വാറെന്റെന്‍ കേന്ദ്രത്തില്‍ കഴിയണമെന്നു രേഖാമൂലം നല്‍കുന്ന ഉറപ്പിലായിരിക്കും വിദേശത്തുനിന്നു കപ്പലിലോ വിമാനത്തിലോ കൊണ്ടുവരിക. യാത്രയ്ക്കു മുമ്പ് താപനില പരിശോധിക്കും. കോവിഡ് ലക്ഷണങ്ങളില്ലെങ്കിലേ പുറപ്പെടാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ എത്തു മ്പോള്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ശേഷിക്കുന്നവരെ ക്വാറെന്റെന്‍ കേന്ദ്രങ്ങളിലേക്കും മാറ്റുമെന്നാണ് കേന്ദ്രം പറഞ്ഞത്.
അതേസമയം ജില്ലയില്‍ എത്തുന്ന പ്രവാസികള്‍ക്ക് പണം നല്‍കിയാല്‍ മെച്ചപ്പെട്ട ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. മികച്ച ക്വാറന്റൈന്‍ സൗകര്യം വേണ്ടവര്‍ പണം നല്‍കണം. പണം നല്‍കിയാല്‍ ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈന്‍ പ്രവാസികള്‍ക്കായി കോഴിക്കോട് ജില്ലയില്‍ 567 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. അയ്യായിരം മുറികളും 35000 ഡോര്‍മെറ്ററികളുമുണ്ട്. കുടുംബശ്രീ വഴിയുള്ള ഭക്ഷണം നല്‍കും. രോഗബാധയുള്ളവരുടെ ചികിത്സയ്ക്കായി രണ്ട് സ്വകാര്യ ആശുപത്രികളും കണ്ടെത്തിയിട്ടുണ്ട്.
Leave a Comment