സിനിമാ സ്‌റ്റൈലില്‍ ചെയ്‌സിങ്; ഒടുവില്‍ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് ലോറി മുങ്ങി; പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ ഇടിച്ച് തെറിപ്പിച്ചു

തൃശൂര്‍: സംസ്ഥാനത്ത് ലോക്ഡൗണിനിടെ സ്പിരിറ്റ്‌ലോബി പിടിമുറുക്കുന്നു. ചാലക്കുടിയില്‍ സ്പിരിറ്റുമായി വന്ന പിക്കപ്പ് ലോറി എക്‌സൈസിനെ വെട്ടിച്ചുകടന്നു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് ചാലക്കുടിയിലെ ഒരു ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി കടന്നു കളഞ്ഞത്.

ലോറിയില്‍ 2000 ലിറ്റര്‍ കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാര്‍പോളിത്തീന്‍ ഷീറ്റ്‌കൊണ്ട് മറച്ചിരുന്നു. എക്‌സൈസ് സംഘം പരിശോധനയ്ക്ക് വരുന്നതു കണ്ട് തൃശൂര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുപോയ ലോറി പാലിയേക്കര ടോള്‍ പ്ലാസയിലെ ബൂം ബാരിയറും ഇടിച്ചുതെറിപ്പിച്ചു. മംഗലം ഡാം വരെ പിന്തുടര്‍ന്നുവെങ്കിലും പാലക്കാട് ഭാഗത്തേക്ക് പോയ ലോറി പിന്നീട് കാണാതാവുകയായിരുന്നു.

എക്‌സൈസിന്റെ വിവരത്തെ തുടര്‍ന്ന് പട്ടിക്കാട്ട് വച്ച് പോലീസും തടയാന്‍ ശ്രമിച്ചുവെങ്കിലും വെട്ടിച്ചുകടക്കുകയായിരുന്നു. ലോറിയില്‍ വ്യാജ രജിസ്‌ട്രേഷന്‍ നമ്പരാണ് വച്ചിരുന്നതെന്ന് പിന്നീട് നടന്ന പരിശോധനയില്‍ കണ്ടെത്തി. ലോറിയില്‍ മൂന്നു പേര്‍ ഉണ്ടെന്നാണ് സൂചന.

പുലര്‍ച്ചെ 3.14നാണ് ലോറി ചാലക്കുടിയിലെ ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയതെന്ന് സിസിടിവി ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. അവിടെ ലോറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങുന്നതും കാണാം. സമീപത്തുനിര്‍ത്തിയിട്ട മറ്റൊരു ലോറി എക്‌സൈസ് അധികൃതര്‍ പരിശോധിച്ചെങ്കിലൂം അതില്‍ സ്പിരിറ്റ് ഇല്ലെന്ന് കണ്ടതോടെ ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയ ലോറിയുടെ അടുത്തേക്ക് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തുന്നതു കണ്ട് ലോറി പെട്ടെന്ന് മുന്നോട്ട് എടുത്ത് ഓടിച്ചുപോകുകയായിരുന്നു. 3.50 ഓടെ ലോറി ടോള്‍ പ്ലാസയിലൂടെ കടന്നുപോയി. ബൂം ബാരിയര്‍ ഇടിച്ചുതെറിപ്പിക്കുന്നത് കണ്ട് ടോള്‍ ബൂത്തിലുള്ള ജീവനക്കാര്‍ ഭയന്ന് മാറുന്നതും ദൃശ്യത്തില്‍ കാണാം.

Follow us: pathramonline.com

pathram:
Related Post
Leave a Comment