തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കുന്നത് നാണക്കേട്; മോദിയെ പരിഹസിച്ച് ബിജെപി നേതാവ്

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ചാര്‍ജ് ഈടാക്കിയ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ‘സ്വന്തം വീട്ടിലെത്താന്‍ പാടുപെടുന്ന അരപട്ടിണിക്കാരായ തൊഴിലാളികളില്‍ നിന്ന് പണം വാങ്ങുന്നത് എന്തുമാത്രം ക്രൂരതയാണ്!’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ എയര്‍ ഇന്ത്യയാണ് നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത്. തൊഴിലാളികളെ സ്വന്തം നാട്ടില്‍ എത്തിക്കുന്ന ചെലവ് വഹിക്കാന്‍ റെയില്‍വെ തയാറല്ലെങ്കില്‍ പ്രധാനമന്ത്രി തയാറാകണമായിരുന്നു’ എന്നും സ്വാമി ട്വിറ്ററിലെ കുറിപ്പില്‍ പറഞ്ഞു.

റെയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസുമായി ബന്ധപ്പെട്ടതിന് ശേഷം വിഷയത്തില്‍ റെയില്‍വെ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയതായി പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. ടിക്കറ്റിന്റെ 85 ശതമാനം കേന്ദ്രസര്‍ക്കാരും 15 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിച്ചാല്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നായിരുന്നു എന്നാണ് റെയില്‍വെയുടെ വിശദീകരണം.

തൊഴിലാളികളുടെ പക്കല്‍ നിന്ന് പണം ഈടാക്കുകയും അതേസമയം 151 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും ചെയ്യുന്ന റെയില്‍വെയെ പരിഹസിച്ചുകൊണ്ട് നേരത്തേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സ്‌റ്റേഷനിലും ടിക്കറ്റുകള്‍ വില്‍ക്കുന്നില്ലെന്ന് റെയില്‍വെ വക്താവ് അറിയിച്ചു. ടിക്കറ്റ് നിരക്കില്‍ 85 ശതമാനം സബ്‌സിഡി റെയില്‍വെ അനുവദിച്ചിട്ടുണ്ട്. ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വഹിക്കാവുന്നതാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഈ മാതൃക പിന്തുടരണമെന്നും വക്താവ് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് തുക പാര്‍ട്ടി വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment