കൊറോണ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല: ചൈന

കൊറോണ വൈറസ് ഉടനെങ്ങും പൂർണമായും നശിക്കില്ലെന്നും വീണ്ടും വരാൻ സാധ്യതയുണ്ടെന്നും ചൈനീസ് ഗവേഷകർ. കൊറോണ വൈറസിന്റെ ചില വാഹകർക്ക് ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നത് വസ്തുതയാണ്. ഇത് രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാൻ പ്രയാസമുണ്ടാക്കുന്നു. സാർസ് ബാധിച്ചവർക്ക് ഗുരുതരലക്ഷണങ്ങൾ പ്രകടമാകും എന്നതിനാൽ അവരെ ഐസലേറ്റ് ചെയ്യാൻ എളുപ്പമാണ്. എന്നാൽ കോവിഡ് അങ്ങനെയൊരു പ്രവർത്തനസ്വാതന്ത്ര്യം നൽകുന്നില്ല.

‘ദീർഘകാലത്തേക്ക് മനുഷ്യനിൽ നിലനിൽക്കാവുന്ന ഒരു പകർച്ചവ്യാധിയാണിത്. ഇത് ഓരോ കാലത്തും ഉണ്ടാകും. മനുഷ്യശരീരത്തിൽ ഇത് സ്ഥിരമാകാനും മതി.’ ചൈനയിലെ ഏറ്റവും മികച്ച വൈദ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാതൊജൻ ബയോളജി ഡയറക്ടർ ജിൻ ക്വി പറഞ്ഞു.

ചെറുപ്പക്കാർ ഏറെയുള്ള രാജ്യങ്ങളിൽ വൈറസിന്റേത് നിയന്ത്രിത വ്യാപനമാണെന്ന് ചില ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് വൈറസിനെതിരെ ഹേർഡ് ഇമ്യൂണിറ്റി ആർജിക്കാനുള്ള ശ്രമമായും കരുതാം. തുടർച്ചയായ ലോക്ഡൗണുകൾ വൈറസിനെ ഇല്ലാതാക്കാൻ ഫലപ്രദമാകണമെന്നില്ലെന്നും ഗവേഷകർ പറയുന്നു.

ഉത്തരാർധഗോളത്തിലെ ചൂടുകാലാവസ്ഥ വൈറസിനെ നേരിടാൻ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. എന്നാലിത് വിദൂര സാധ്യത മാത്രമാണ്.

‘വൈറസ് ചൂടിൽ നശിക്കും. എന്നാൽ 56 ഡിഗ്രി സെൽഷ്യസിൽ അരമണിക്കൂറെങ്കിലും സമ്പർക്കം വന്നാലാണ് അത്. അത്രചൂട് എന്തായാലും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ, വേനൽക്കാലത്ത് ആഗോളവ്യാപകമായി രോഗബാധിതരുടെ എണ്ണം കുറയാൻ സാധ്യത കുറവാണ്’– വാങ് ഗ്വിക്വിയാങ്ങിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പെക്കിങ് യൂണിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിഭാഗം മേധാവിയാണ് വാങ്.

ഇതിനകം ലോകത്ത് മൂന്ന് ദശലക്ഷം പേരെയാണ് കോവിഡ്– 19 ബാധിച്ചത്. രണ്ടുലക്ഷത്തിലധികം പേർ ഈ രോഗം ബാധിച്ച് മരണമടയുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment