ലോക്ഡൗണില്‍ കരവിരുത് തെളിയിച്ച് അധ്യാപകന്‍

കോഴിക്കോട്: ലോക്ഡൗണ്‍ ദിവസങ്ങള്‍ ഓരോരുത്തരും തള്ളിനീക്കുന്നത് ഓരോ രീതിയിലാണ്. പലരും ടിവി കണ്ടും മൊബൈല്‍ നോക്കിയും സമയം കളയുമ്പോള്‍ ചിലര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാകും. അത്തരത്തില്‍ ഒരാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ലോക് ഡൗണ്‍ കാലയളവില്‍ ചിരട്ടശില്‍പങ്ങള്‍ ഉണ്ടാക്കി തന്റെ കരവിരുത് തെളിയിച്ചിരിക്കുകയാണ് ഈ അധ്യാപകന്‍.

കക്കട്ടില്‍ ഒതയോത്ത് പൊയില്‍ എസ്.ജെ. ശ്രീജിത്ത് ആണ് തന്റെ കഴിവ് തെളിയിക്കുന്ന മനോഹരമായ ചിരട്ടശില്‍പ്പങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വെള്ളമുണ്ട ഗവ. യു.പി. സ്‌കൂള്‍ അധ്യാപകനാണ് ശ്രീജിത്ത്. പക്ഷികളും മൃഗങ്ങളും കൂടാതെ എല്ലാ വസ്തുക്കളും പൂര്‍ണമായും ചിരട്ട ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തോളം എടുത്താണ് ഒരു ശില്‍പം പൂര്‍ത്തിയാക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു. ലോക്ഡൗണ്‍ കാലയളവില്‍ മാത്രം പത്തിലധികം ശില്‍പങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു.

ചിത്രകലാകാരന്‍ കൂടിയായ ശ്രീജിത്ത് ചിരട്ടശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നതും ക്ലേ മോഡലിങ്ങും സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. താന്‍ ഉണ്ടാക്കിയ ശില്‍പ്പങ്ങള്‍ വില്‍ക്കാന്‍ അവസരംകിട്ടിയാല്‍ ലഭിക്കുന്ന തുക കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ഭാര്യ ബബിത ഗവ. ആയുര്‍വേദ കോളേജ് അസി. പ്രൊഫസറായി ജോലി ചെയ്യുന്നു. ദിയ, ദ്യുതി, ദേവ് എന്നിവർ മക്കളാണ്. ഫോണ്‍: 9946272396

pathram:
Leave a Comment